ഗീതയും ബബിതയും ഏഷ്യന്‍ ഗെയിംസ് ക്യാംപില്‍ നിന്ന് പുറത്ത്; അച്ചടക്കലംഘനമെന്ന് അസോ.

phogat-sisters
SHARE

ഗുസ്തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെ ഏഷ്യന്‍ ഗെയിംസിന്‍റെ ദേശീയ ക്യാംപില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തെത്തുടര്‍ന്നാണ് ഗീത ഫോഗട്ടിനെയും ബബിത ഫോഗട്ടിനെയും ക്യാംപില്‍ നിന്ന് പുറത്താക്കിയത് എന്നാണ് ഗുസ്തി ഫെഡറേഷന്‍റെ വിശദീകരണം. ഇരുവരുടെയും അനിയത്തിമാരായ റിതു, സംഗീത എന്നിവരെയും പുറത്താക്കി.

ക്യാംപില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് ചട്ടം. പരുക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കണം. എന്നാല്‍ ഗീതയും ബബിതയും മുന്‍കൂട്ടി അറിയിച്ചില്ലെന്ന് മാത്രമല്ല, ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറയുന്നു. ഇത് തന്നെയാണ് റിതുവിനെയും സംഗീതയെയും പുറത്താക്കാനുള്ള കാരണമായും ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. 

ക്യാംപില്‍ നിന്ന് പുറത്താക്കിയതോടെ ഇരുവര്‍ക്കും ഈ മാസം അവസാനം നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകില്ല. ആഗസ്റ്റില്‍ ഇന്തോനേഷ്യയിലാണ് ഗെയിംസ് നടക്കുക. 

പരുക്ക് മൂലമാണ് ക്യാംപില്‍ പങ്കെടുക്കാത്തത് എന്നാണ് ബബിതയുടെ വിശദീകരണം. റഷ്യയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റിതുവും സംഗീതയും. വിസക്കായുള്ള കാത്തിരിപ്പിലാണ് ഇരുവര‌ുമെന്നും ഇത് ഫെഡറേഷനെ അറിയിച്ചിരുന്നെന്നും ബബിത പറയുന്നു. എന്നാല്‍ ഫെഡറേഷന്‍ ഇത് നിഷേധിച്ചു. തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്നാണ് ഫെഡറേഷന്‍റെ നിലപാട്. 

2010 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് ഗീത. ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാഗുസ്തിതാരവും ഗീതയാണ്. 2014 ഗ്ലാസ്ഗോ ഗെയിംസ് ജേതാവാണ് ബബിത. ഇരുവരുടെയും ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ദംഗല്‍ എന്ന ബോളിവുഡ് ചിത്രം വലിയ ഹിറ്റായിരുന്നു.

MORE IN SPORTS
SHOW MORE