71 പന്തിൽ 158: പത്തുവർഷം കഴിഞ്ഞിട്ടും നിറം മങ്ങാതെ ആ ഇന്നിംഗ്സ്

ഐപിഎല്ലിന്റെ പത്തുവര്‍ഷത്തെ ചരിത്രത്തിനിടെ വെടിക്കെട്ട് ഇന്നിങ്സുകള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഉദ്ഘാടനസീസണിലെ ആദ്യപോരില്‍ ബ്രണ്ടന്‍ മക്കല്ലം നേടിയ 158 റണ്‍സിന്റെ ഇന്നിങ്സ് ഇന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമാണ്. 73 പന്തില്‍ നിന്നുള്ള ആ ഇന്നിങ്സ് അരങ്ങേറിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായി 

അന്ന് ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുകാരനാണ്. ഇപ്പോഴത്തെ ടീം റോയല്‍ ചലഞ്ചേഴ്സാണ് കന്നി ഐപിഎല്ലിലെ കന്നി പോരില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളികള്‍. സൗരവ് ഗാംഗുലിക്ക് കൂട്ടായി മക്കല്ലം ക്രീസില്‍. പതിഞ്ഞ മട്ടിലായിരുന്നു തുടക്കം. ആദ്യ ആറു പന്തില്‍ ഒരു റണ്‍ പോലുമില്ല. അടുത്ത നാലു പന്തില്‍ 18..

ഐപിഎല്ലെന്ന പുത്തന്‍ ക്രിക്കറ്റ് രൂപത്തെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞവര്‍ക്കും ടെലിവിഷനില്‍ കണ്ണുംനട്ടിരുന്നവര്‍ക്കും അതൊരു അനുഭവമായിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത, അതുവരെ അറിഞ്ഞിട്ടില്ലാത്ത ക്രിക്കറ്റ് പൂരത്തിന്റെ വരവറിയിക്കുന്ന മക്കല്ലം വെടിക്കെട്ട്.

ചിയര്‍ ലീഡേഴ്സും സംഗീതവും പലനിറങ്ങളിലുമുള്ള ജഴ്സിയുമായി ക്രിക്കറ്റിന്റെ രൂപമാറ്റം ഇന്ത്യന്‍ ആരാധകര്‍ക്ക് വേറിട്ട സദ്യയായിരുന്നുവെങ്കിലും അന്നത്തെ മക്കല്ലത്തിന്റെ ഇന്നിങ്സാണ് പക്ഷെ വിഭവങ്ങളില്‍ പ്രഥമനായത്. 13 സിക്സും 10 ഫോറും രുചിക്കൂട്ടായി

അന്ന് മക്കല്ലം തുറന്നിട്ട പാതയിലൂടെ പലകുറി പാഞ്ഞു ഐപിഎല്‍ പന്തുകള്‍. ഇപ്പോഴും ഐപിഎല്‍ മാസ്റ്റര്‍ ക്ലാസുകളില്‍ ഒന്നാമതായി ബെംഗളൂരുവിലെ ആ ഇന്നിങ്സുണ്ട്.. ഓരോ ഷോട്ടും ഓര്‍മത്താളുകളില്‍.