ബാഡ്മിന്റന്‍ ഫൈനലിനു മുമ്പ് ഗോപീചന്ദ് സൈനയോടും സിന്ധുവിനോടും പറഞ്ഞതെന്ത്?

saina-gopi-sindhu
SHARE

ഒരേ കളത്തില്‍ തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞവര്‍, ഒരാള്‍ താരമായി നില്‍ക്കെ ഉദിച്ചുയര്‍ന്ന മറ്റൊരാള്‍, ഒരേ നാട്ടുകാര്‍. എന്നിട്ടും അവരുടെ കൂട്ടിനെക്കാള്‍ പിണക്കത്തെക്കുറിച്ചാണ് ആരാധകര്‍ സംസാരിച്ചത്. ഒടുവില്‍ ഒരു രാജ്യാന്തര മല്‍സരത്തിന്റെ ഫൈനലിന് നേര്‍ക്കുനേരെത്തി. വ്യത്യസ്ത ശൈലികളില്‍ കളിക്കുന്നവര്‍, ശരീരഘടനയില്‍തന്നെ പ്രകടമായ വ്യത്യാസമുള്ളവര്‍. മികച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. കാരണം ബാഡ്മിന്റനില്‍ ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയവരാണ് സൈന നേഹ്‌വാളും പി.വി.സിന്ധും. സൈനയെ ചുറ്റിത്തിരിഞ്ഞ താരപരിവേഷമാണു ഹൈദരാബാദുകാർ സിന്ധുവിനും ചാർത്തിനൽകിയത്.  

‘‘സ്വന്തം രാജ്യത്തു നിന്നുള്ളവര്‍ക്കെതിരെ പ്രത്യേകിച്ച് ഒരേ അക്കാദമിയില്‍ പരിശീലിക്കുന്നവര്‍ക്കെതിരെ കളിക്കാനിറങ്ങുക എളുപ്പമല്ല’’. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ പി.വി.സിന്ധുവിനെതിെര മല്‍സരിക്കാന്‍ ഇറങ്ങിയതിനെതക്കുറുച്ചായിരുന്നു സൈനയുടെ ഈ പ്രതികരണം. പരസ്പരം അറിയുന്നവര്‍ തമ്മില്‍ മല്‍സരിക്കുന്നത് വളരെ കടുപ്പമേറിയതാണെന്ന് സൈന നേഹ്‌വാള്‍ പറഞ്ഞു. ഒരേകളത്തില്‍ പയറ്റിത്തെളിഞ്ഞവര്‍ തമ്മില്‍ മല്‍സരിക്കുമ്പോള്‍ വെല്ലുവിളിയേറെയാണ്, ഇരുവരും മികച്ചത് കളത്തില്‍ പുറത്തെടുക്കുമെന്ന വാശിയോടെ പോരാട്ടത്തിനിറങ്ങി. ഫൈനലിന് മുമ്പ് ഗോപീചന്ദ് തന്റെ ശിക്ഷ്യകളായ സൈന നേഹ്‌വാളിനോടും പി.വി.സിന്ധുവിനോടും മല്‍സരത്തെക്കുറിച്ച് അധികം സംസാരിച്ചില്ല. 

saina

‘‘രണ്ടു പേരും സ്വാഭാവിക മല്‍സരം നടത്തുക. എന്നാല്‍ കളത്തിലും മല്‍സരശേഷവും നിങ്ങളുടെ പ്രതികരണവും പെരുമാറ്റവും മാന്യമായിരിക്കണം, അതാണ് മല്‍സരത്തെക്കാള്‍ ശ്രദ്ധിക്കേണ്ട കാര്യം. മല്‍സരസമയത്ത് ഓരോരുത്തരുടെയും പ്രകടനം കാണുമ്പോള്‍ സന്തോഷിക്കുക, സൗഹാര്‍ദമായി പെരുമാറുക.’’ ഇതായിരുന്നു മല്‍സരത്തലേന്ന് ഗോപിചന്ദ് നല്‍കിയ ഉപദേശമെന്ന് സൈന നേഹ്‌വാള്‍  പറഞ്ഞു. സിന്ധുവും സൈനയും ഫൈനലിലെത്തിയപ്പോള്‍ വളരെ അഭിമാനം തോന്നിയെന്നും സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക് ഉറപ്പായതില്‍ സന്തോഷിച്ചെന്നും ഗോപിചന്ദ് . ഒരു ഫൈനലിന്റെ തലേന്ന് ഇത്രമാത്രം ശാന്തമായദിവസം പരിശീലക കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കളത്തില്‍ സൈഡില്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാനോ, എന്തിന് കളികാണുവാന്‍ ഗ്യാലറിയില്‍പ്പോലും ഗോപീചന്ദ് എത്തിയില്ല. ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ടീം ഫിസിയോക്കൊപ്പം നടക്കുകയായിരുന്നുവെന്നും മല്‍സരത്തിന്റെ അവസാന അഞ്ചുപോയിന്റ് മാത്രം ടി.വി.യില്‍ കണ്ടുവെന്നും ഗോപിചന്ദ് പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങൾ തീരുമാനിച്ചുറപ്പിച്ച് വ്യക്തമായ ആസൂത്രണത്തോടെ മുന്നേറുന്ന ശൈലിയാണ് സൈനയുടേത്. അതിനുവേണ്ടി എന്ത് ത്യാഗങ്ങൾ സഹിക്കാനും ഇൗ ഹൈദരാബാദുകാരി തയ്യാറാണ്. അതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ കണ്ടതും. ശാന്തയായി തന്റെ ക്ലാസിക് ഗെയിം സൈന പുറത്തെടുക്കുകയായിരുന്നു. 

pv-sindhu

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സിംഗിള്‍സ് സ്വര്‍ണവും ലോക ഒന്നാം നമ്പറിലുമെത്തിയ ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് സൈന. സിന്ധുവും സൈനയും തമ്മിലുള്ള വൈരാഗ്യം ബാഡ്മിന്റനും രാജ്യത്തിനും നല്ലതാണെന്നാണ് പരിശീലകന്‍ ഗോപിചന്ദിന്‍റെ അഭിപ്രായം. ഇരുവരുടെയും പ്രകടനം മെച്ചപ്പെടുത്താനും ഇതുപകരിക്കുമെന്നും ഗോപിചന്ദ് പറ‍ഞ്ഞു. ജയവും തോല്‍വിയും പ്രധാനമല്ലെന്നും എങ്ങനെ കളിക്കുന്നതിലാണ് കാര്യമെന്നും സിന്ധു പറയുന്നു.

MORE IN SPORTS
SHOW MORE