ഇന്ത്യയ്ക്കായി ആർത്തുവിളിച്ച ശ്രീലങ്കൻ ആരാധകർക്കായി ശ്രീലങ്കൻ പതാകയേന്തി ഇന്ത്യൻ ‍നായകൻ

ബംഗ്ലാദേശ് ജയിക്കരുതെന്ന് ഓരോ ശ്രീലങ്കക്കാരനും പ്രാർത്ഥിച്ചിരുന്നു. ഫൈനലിനു മുൻപു നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മൽസരങ്ങളിലെ കോലാഹലങ്ങൾ അത്രയധികം അവരെ വേദനിപ്പിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയ്ക്കായി ലങ്കക്കാര്‍ ആർത്തുവിളിച്ചു. ലങ്കൻ പതാകയേന്തി ഇന്ത്യന്‍ ‍നായകൻ അവർക്ക് നന്ദി പറഞ്ഞു.  

തങ്ങളുടേതായ ദിനത്തിൽ ഏത് വൻടീമിനെയും തറപറ്റിക്കാൻ കെൽപ്പുളളവരാണ് ബംഗ്ലാദേശ്. അതിമനോഹരമായി കളിക്കാനും ഏത് സമയത്തും കളി തിരിച്ചു വിടാനുമുളള താരങ്ങൾ അവർക്കുണ്ടെങ്കിലും അതിരു വിട്ട ആഘോഷവും ഏതിർടീമിനോടുളള പ്രകോപനപരമായ സമീപനവും മൂലം ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും ഗുഡ്ബുക്കിൽ ഇവർ ഇടം നേടാറില്ല. 

ആവേശം ആകാശം തൊട്ട കലാശപ്പോരിൽ ബംഗ്ലദേശിന്റെ പോരാട്ടവീര്യത്തെ അനുഭവസമ്പത്തിന്റെ മികവിൽ കീഴടക്കി ഇന്ത്യ കീരിടത്തിൽ മുത്തമിട്ടപ്പോൾ ഇന്ത്യൻ ആരാധകരെക്കാൾ ശ്രീലങ്കൻ ആരാധകരായിരുന്നു വികാരഭരിതമായി ആ വിജയം ആഘോഷിച്ചത്. ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിലെ വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകർക്കൊപ്പം തന്നെ ശ്രീലങ്കൻ ആരാധകരും ആഘോഷമാക്കി. ഫൈനലിനു മുൻപു നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മൽസരങ്ങളിലെ കോലാഹലങ്ങളുടെ മറുപടിയായിരുന്നു ആ വിജയഘോഷങ്ങൾ ഒക്കെയും. മത്സരം അവസാന ഓവർ വരെ നീണ്ടപ്പോൾ ഇന്ത്യയുടെ വിജയത്തിനു വേണ്ടി അവർ മനസുരുകി പ്രാർത്ഥിച്ചു. ദിനേശ് കാർത്തിക്കിന്റെ സിക്സറോടെ ഇന്ത്യ വിജയം രാജകീയമാക്കിയപ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന ശ്രീലങ്കൻ ആരാധകരും സന്തോഷത്താൽ പൊട്ടിത്തെറിച്ചു.

എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിജയം ആഘോഷിച്ച രീതി എല്ലാവരെയും അത്ഭുതപ്പെടുത്തി.  ഇന്ത്യൻ ടീം വിജയാഘോഷത്തില്‍ ഗ്രൗണ്ടില്‍ വലം വയ്ക്കുമ്പോൾ രോഹിത് ശർമ നന്ദി സൂചകമായി ശ്രീലങ്കന്‍ പതാക കയ്യിലുയർത്തി. ഇന്ത്യൻ താരങ്ങളും ഇന്ത്യയുടെ ആഘോഷത്തിൽ ശ്രീലങ്കൻ പതാകയും ഉൾപ്പെടുത്തിയത് മനോഹര കാഴ്ചയായി. ശ്രീലങ്കൻ ആരാധകരുടെ കരഘോഷത്തിനും ആർപ്പുവിളികൾക്കുമുളള നന്ദിപ്രകടനമായിരുന്നു ആ ആദരം. 

പരാജയം മുന്നില്‍കണ്ട ഇന്ത്യക്ക് ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആവേശകരമായ വിജയം സമ്മാനിച്ചത്. ഏഴാമനായി ദിനേശ് കാര്‍ത്തിക് ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ടോവറില്‍ 34 റണ്‍സ്. ബംഗ്ലദേശ് താരങ്ങളുടെയും ആരാധകരുടെയും ചിരിമായാന്‍ അധികനേരം വേണ്ടിവന്നില്ല. പത്തൊന്‍പതാം ഒാവറില്‍ രണ്ട് ഫോറും രണ്ട് സിക്സുമടക്കം കാ‍ര്‍ത്തിക് നേടിയത് 22 റണ്‍സ്.

വിജയ് ശങ്കറിന്റെ ബൗണ്ടറിയിലൂടെ ഇന്ത്യ വിജയത്തിന് അഞ്ചുറണ്‍സ് അകലെ. തൊട്ടടുത്ത പന്തില്‍ വിജയശങ്കര്‍ പുറത്തായതോടെ ജയിക്കാന്‍ ഒരുപന്തില്‍ അഞ്ച് റണ്‍സ്. സൗമ്യ സര്‍ക്കാരിന് ബൗണ്ടറിക്കപ്പുറം കടത്തി കാര്‍ത്തിക്ക് ഇന്ത്യയ്ക്ക് സ്വപ്നവിജയം സമ്മാനിച്ചു. ആദ്യം ബാറ്റ് ചെ്യത് ബംഗ്ലദേശ് ഇരുപത് ഒാവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍  166 റണ്‍സ് നേടി. മഹ്്മുദുള്ള 36 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി . ഇന്ത്യയ്ക്കായി ചഹല്‍മൂന്നും ജയദേവ് ഉനദ്ഘട്ട് രണ്ട് വിക്കറ്റും നേടി.