ധൈര്യശാലിയായ നായകന്‍: ദാദയെയും ധോണിയെയും മറികടന്ന് കോഹ്‌ലി

virat-kohli
SHARE

ദക്ഷിണാഫ്രിക്കയിലെ ചരിത്ര ജയത്തോടെ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും ധൈര്യശാലിയായ ക്യാപ്റ്റനായി. മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയും കപില്‍ ദേവും സൗരവ് ഗാംഗുലിയും എം.എസ്.ധോണിയും ഇന്ത്യയെ നയിച്ച മികച്ച ക്യാപ്റ്റന്‍മാരാണെങ്കിലും അവരില്‍‌ ആര്‍‌ക്കും കാണാത്ത ധൈര്യം കോഹ്‌ലിയില്‍ കാണാമെന്നാണ്  ഇപ്പോള്‍ ക്രിക്കറ്റ്  ‌ലോകം വാഴ്ത്തിപ്പാടുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിലെ ധീരതയും അത് നടപ്പാക്കാന്‍ കാണിക്കുന്ന ധൈര്യവും ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ganguly-kohli

ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ ഒരു ഏകദിന പരമ്പര ജയം മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നമാണ് മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി സ്വന്തം തൊപ്പിയിലെത്തിച്ചത്. മുന്‍വിധികളെ പൊളിച്ചെഴുതി വെല്ലുവിളികളെ അതിജീവിച്ച് കോഹ്‌ലി നേടിയത് ചരിത്രവിജയമാണ്. ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയം നേടിയതിന്റെ മുഴുവന്‍ ക്ര‍ഡിറ്റും ക്യാപ്റ്റന്‍ കോഹ്‌ലിക്കുതന്നെ. 

കാര്യങ്ങള്‍ ലളിതമാണ്

വിരാട് കോഹ്‍‌ലിയുടെ നായകത്വം വളരെ ലളിതമാണ്. ടീമിന്റെ അനിവാര്യഘടകം താനാണെന്നും അതിനാല്‍ തന്റെ പ്രകടനം നിര്‍ണായകമാണെന്നും ചിന്തിക്കാതെ എങ്ങനെ ടീമിലെ മറ്റുള്ളവരുടെ കഴിവില്‍ മാത്രം ആശ്രയിച്ച് ടീമിന്റെ വിജയം സ്വപ്നം കാണാനാകും. ഇതാണ് ടീമിന്റെ പ്രകടനത്തെക്കുറിച്ച് കോഹ്‌ലിയുടെ ചിന്ത. അതുകൊണ്ടുതന്നെ മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്നു. ബാറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിനും സെഞ്ചുറി അടിക്കുന്നതിനും ഒരിക്കല്‍പോലും കോഹ്‌ലിക്ക് ക്യാപ്റ്റന്‍സി ഒരു ഭാരമാകുന്നില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്തുകയും ഒപ്പം സഹതാരങ്ങളുടെ മികവ് പാരമ്യത്തിലേക്ക് എത്തിക്കുകയും ആണ് കോഹ്‌ലി ചെയ്യുന്നത്. 

sourav-ganguly-dhoni

ദക്ഷിണാഫ്രിക്കയില്‍ രണ്ടുടെസ്റ്റുകളില്‍ തോറ്റതോടെ വിരാട് കോഹ്‌ലിയുടെ ടീം തിരഞ്ഞെടുപ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അജിങ്ക്യ രഹാനെയെ ഉള്‍പ്പെടുത്താതിരുന്നതും രോഹിത് ശര്‍മയെ കൂടുതല്‍ ആശ്രയിച്ചതും ആയിരുന്നു അതില്‍പ്രധാനം. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തിയാണ് വിരാട് കോഹ്‌ലി ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. ഇതില്‍ ബുംറ വിജയിച്ചു. പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യം നേട്ടമായി. രോഹിത് പരാജയപ്പെട്ടു.  അതിനു കോഹ്‌ലി നല്‍കിയ ഉത്തരം വിമര്‍ശനങ്ങള്‍ കൂട്ടി. എങ്കിലും രഹാനെയെ ഉള്‍പ്പെടുത്തിയും രോഹിതിന്റെ നിലവിലെ ഫോമിനെ വിശ്വസിച്ചും ജൊഹന്നാസ്ബര്‍ഗില്‍ വിജയിച്ചും കോഹ്‌ലി തന്നെ അന്തിമജയം കണ്ടു. 

ഇതാണ് കോഹ്‌‌ലിമന്ത്രം

കളിക്കാരാവട്ടെ ക്യാപ്റ്റന്‍ കാണിച്ച വിശ്വാസത്തിന് ബാറ്റുകൊണ്ടും ബോളുകൊണ്ടും മറുപടി നല്‍കി. രോഹിത് ശര്‍മയുടെ സെഞ്ചുറിയും യശുവേന്ദ്ര ചാഹലിന്റെയും കുല്‍ദീപ് യാദവിന്റെയും സ്പിന്‍മികവും ആണ് ആ മറുപടി. അശ്വിനെയും ജഡേജയെയും ഒഴിവാക്കി ചാഹലിനെയും യാദവിനെയും ടീമിലെടുത്തത് ക്യാപ്റ്റന്റെ നിര്‍ബന്ധത്താലാണ്. ജയമോ തോല്‍വിയോ എന്തുമാകട്ടെ അത് അടുത്ത മല്‍സരത്തില്‍ പ്രതിഫലിക്കരുത്, ജയിക്കാനായിട്ടാവണം ഓരോ മല്‍സരത്തിനും തയാറെടുക്കേണ്ടത്, ഇതാണ് വിരാട് കോഹ്‌ലിയുടെ മന്ത്രം. 

kohli-and-dhoni

ടീമിലെ ഓരോതാരത്തിനും അവസരം കൊടുക്കുന്നതിലും ക്യാപ്റ്റന്‍ എന്നനിലയില്‍ കോഹ്‌ലി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് മുമ്പ് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍മാരെക്കാളും ആധിപത്യത്തോടെ വിരാട് കോഹ്‌ലി ടീമിനെ നയിക്കുന്നുവെന്ന് പറയുന്നത്.  35ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 21ജയം നേടിക്കൊടുത്തു. 48ഏകദിനങ്ങളില്‍ 37ജയവും ടീം ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. 

MORE IN SPORTS
SHOW MORE