കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക ഒന്നാമിന്നിങ്ങ്സ് ലീഡിലേക്ക്. മൂന്നാം ദിവസം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിട്ടുണ്ട്. തിരിമാനെയുടേയും ഏഞ്ചലോ മാത്യൂസിന്റേയും 99 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. 13 റണ്‍സുമായി ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും 14 റണ്‍സുമായി ഡിക്ക്‌വെല്ലയുമാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ ഇന്ത്യ 172 റണ്‍സിന് പുറത്തായിരുന്നു. 52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.