കൈ കാണിച്ചിട്ടും നിർത്താതെ മണല്‍ലോറി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കൈ കാണിച്ചിട്ടും നിർത്താതെ അനധികൃത മണലുമായി പാഞ്ഞ ലോറി പൊലീസ് പിന്തുടർന്ന് പിടികൂടി. പാലക്കാട് ആനക്കരയിലാണ് തൃത്താല പൊലീസ്  മണൽശേഖരവും വാഹനവും പിടിച്ചെടുത്തത്.

ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

രാത്രികാല പരിശോധനയ്ക്കിടെ  കുമ്പിടി ഭാഗത്ത് നിന്നും വന്ന വാഹനത്തെ പൊലീസ് കൈകാണിച്ചു. നിർത്താനായി വേഗത കുറച്ചതിന് പിന്നാലെ പൊലീസിനെ വെട്ടിച്ച് വാഹനം കടന്നുപോയി. ആനക്കരയിൽ നിന്നും വാഹനത്തെ പിന്തുടർന്ന്  പാലക്കാട് - മലപ്പുറം ജില്ലാ അതിർത്തിയായ നീലിയാട് വെച്ചാണ് തൃത്താല പൊലീസ് പിടികൂടിയത്. വാഹനം ഉപേക്ഷിച്ച് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.

ചാക്കിൽ നിറച്ച നിലയിലായിരുന്നു അനധികൃത മണൽ ശേഖരം. മണലെന്ന്  മനസ്സിലാവാതിരിക്കാൻ ടാർപ്പോളിൻ കൊണ്ട് മൂടിയിരുന്നു. കഴിഞ്ഞമാസവും അനധികൃതമായി മണൽ കയറ്റി നിർത്താതെ പോയ വാഹനം തൃത്താല പൊലീസ് കിലോമീറ്ററോളം  പിൻന്തുടർന്ന ശേഷം പിടികൂടിയിരുന്നു. 

പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ പല ഭാഗങ്ങളിലും മണലൂറ്റ് നടക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുമ്പിടി, ഉമ്മത്തൂർ മേഖലകളിൽ നിന്നാണ് പുഴയിൽ നിന്നും വ്യാപകമായി മണലൂറ്റുന്നത്. വരും ദിവസങ്ങളിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധന വിപുലമാക്കുമെന്ന് തൃത്താല ഇൻസ്പെക്ടർ അറിയിച്ചു. 

Illeagal sand traficking