സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായത് രാത്രി 12 മണിക്ക്; പോളിങ് 70.35 ശതമാനം

voting-has-been-completed-i
SHARE

സംസ്ഥാനത്ത് വടകരയില്‍ അടക്കം പലയിടത്തും പോളിങ് പൂര്‍ത്തിയായത് രാത്രി 12 മണിയോടെ. വടകര മണ്ഡലത്തിലെ ഓര്‍ക്കാട്ടേരി, മാക്കുല്‍പീടിക, നരിക്കുന്ന് എന്നിവിടങ്ങളിലാണ് പോളിങ് നീണ്ടത്. കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളില്‍ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി അര്‍ധരാത്രി. വൈകിട്ട് നാലുമണിക്ക് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ രാത്രി ഒന്‍പതിനുശേഷമാണ് വോട്ട് ചെയ്ത്. കാത്തുനിന്ന് മടുത്ത് ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി. ടോക്കണ്‍ വാങ്ങി വീട്ടില്‍പ്പോയി തിരിച്ചെത്തിയവരും ഉണ്ട്. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിലെ മെല്ലെപ്പോക്കുമാണ് വൈകാന്‍ കാരണം. അതിനിടെ കോഴിക്കോട് കൂടത്തായി ഒന്‍പതാം ബൂത്തില്‍ പോള്‍ചെയ്ത വോട്ടുകളില്‍ 12 എണ്ണം കാണാനില്ല. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടത്. യുഡിഎഫ് ബൂത്ത് ഏജന്‍റ് പരാതി നല്‍കി. ഏറ്റവും കൂടുതല്‍ പോളിങ് കൂടുതല്‍ കണ്ണൂരിലാണ്. 75.57 ശതമാനം. ആലപ്പുഴയില്‍ 74.25 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 63.34 ശതമാനം പേര്‍ വോട്ട് ചെയ്ത പത്തനംതിട്ടയിലും 66.37 ശതമാനം പേര്‍ വോട്ടുചെയ്ത ഇടുക്കിയിലുമാണ് കുറവ് പോളിങ്.

തെക്കന്‍ കേരളത്തില്‍ കൊല്ലം ഒഴികെ മിക്കയിടത്തും ഏഴരയോടെ പോളിങ് അവസാനിച്ചു. കൊല്ലത്ത് പോളിങ് എട്ടുമണിയോടെ പൂർത്തിയായി. 35 പോളിങ് ബൂത്തുകളിലാണ് ആറുമണിക്ക് ശേഷവും കൊല്ലത്ത് വോട്ടെടുപ്പ് തുടർന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ 12 ബൂത്തുകളിലാണ് 7 മണിക്ക് ശേഷവും പോളിംഗ് തുടര്‍ന്നത്. എങ്കിലും ഏഴരയോടുകൂടി എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ ചില ബൂത്തുകളില്‍ പോളിങ് ഏഴര വരെ നീണ്ടു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചുതെങ്ങ് സെന്‍റ് ജോസഫ് സ്കൂളിലെ ബൂത്ത് നമ്പര്‍ 10ല്‍ ആറു മണിക്കുശേഷവും വോട്ടെടുപ്പ് നീണ്ടു. മരണാന്തര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്കാണ് ആറുമണിക്ക് ടോക്കണ്‍ നല്‍കിയത്. 

മധ്യകേരളത്തിലും പലയിടത്തും രാത്രി  വൈകിയും വോട്ടിങ്  നീണ്ടു. തൃശൂര്‍ മണ്ഡലത്തില്‍ 50ലെറെ ബൂത്തുകളില്‍ വോട്ടിങ് പൂര്‍ത്തിയായത് നിശ്ചിത സമയം പിന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ്. എറണാകുളം, ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങലെ ബൂത്തുകളിലും ആറുമണി കഴിഞ്ഞും വോട്ടര്‍മാരുടെ വലിയ നിര ഉണ്ടായിരുന്നു. തൃശൂരില്‍ ചില ബൂത്തുകളില്‍  വോട്ടിങ് പൂര്‍ത്തിയാകാന്‍ രാത്രി 9മണിപിന്നിട്ടു. ടോക്കണ്‍നല്‍കി വരിയില്‍ നിന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കി. ചാലക്കുടിയില്‍ പെരുമ്പാവൂരിലെ ബൂത്തുകളിലാണ് അനുവദനീയമായ സമയം കഴിഞ്ഞും വോട്ടിങ് പൂര്‍ത്തിയാകാതിരുന്നത്. എറണാകുളം എളന്തിക്കര മുപ്പതാംനമ്പര്‍ ബൂത്തില്‍ 8മണിവരെ പോളിങ് നീണ്ടു.

ആലപ്പുഴയില്‍ കായംകുളം, ഭരണിക്കാവ് 184, 185 ബൂത്തുകളില്‍ മുന്നൂറില്‍പ്പരംപേര്‍ നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ നിരയില്‍ ഉണ്ടായിരുന്നു. കായംകുളം സെന്റ് മേരീസ് സ്കൂള്‍, പല്ലന കുമാരനാശാന്‍ സ്മാരക സ്കൂള്‍ എ്ന്നിവിടങ്ങളിലും വോട്ടിങ് വൈകിയാണ് അവസാനിച്ചത്. ഇടുക്കിയില്‍ വോട്ടിങ്മെഷിന്‍ തകരാറിലായി വോട്ടിങ് ആരംഭിക്കാന്‍ താമസിച്ചിടത്തൊക്കെ വോട്ടിങ് അവസാനിച്ചതും വൈകിയാണ്. കോട്ടയത്ത് വെച്ചൂര്‍ ദേവിവിലാസം സ്കൂളിലും വോട്ടിങ് അവസാനിച്ചത് രാത്രിയിലാണ്. ഇതിനെതിരെ നാട്ടുകാര്‍ പരാതി ഉന്നയിക്കുകയും ചെയ്തു. ആറുമണിവരെ ക്യൂവില്‍ നിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയാണ് അധികസമയത്ത് വോട്ടിങിന് അവസരം നല്‍കിയത്. തുടക്കം മുതല്‍ മന്ദഗതിയില്‍ വോട്ടിങ് നടന്നിടത്താണ് പ്രശ്നങ്ങള്‍ ഏറെയും ഉണ്ടായിരുന്നത്. ചാലക്കുടി മണ്ഡലത്തിലെ കുന്നത്തുനാട്, പുത്തന്‍കുരിശ് മേഖലകളില്‍ ബൂത്തുകളില്‍ യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടിങ് തുടങ്ങാന്‍തന്നെ ഒന്നരമണിക്കൂറിലധികം സമയം എടുത്തിരുന്നു. 

Voting has been completed in Kerala

MORE IN Kuttapathram
SHOW MORE