കളമശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

kalamassery-blast
SHARE

കളമശേരി സ്ഫോടന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു . തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യഹോവസാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ. 

കഴിഞ്ഞ ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം നടന്നത്. രണ്ടുപേർ തൽക്ഷണം മരിച്ചു. ബാക്കി ആറു പേർ ചികിത്സയിലിരിക്കെയും മരിച്ചു. സ്വയം നിർമിച്ച്, പരീക്ഷിച്ച് ഉറപ്പിച്ച ഐ.ഇ.ഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പൊലീസിൽ കീഴടങ്ങി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നാണ് കുറ്റപത്രം. 3578 പേജുള്ള കുറ്റപത്രം ആണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ സമർപ്പിച്ചത്. തീവ്രവാദ ആക്രമണം നടത്തിയതിന് യു എ പി എ നിയമപ്രകാരവും, സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും, കൊലപാതകം, കൊലപാത ശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.  

യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് കുറ്റപത്രം. ഭയാനകമായ ആക്രമണത്തിലൂടെ യഹോവ സാക്ഷികളിലേക്ക് പൊതുജനത്തിന്റേയും സർക്കാരിന്റേയും ശ്രദ്ധ കൊണ്ടുവരികയും സംഘടനയെ നിരോധിക്കുകയും ആയിരുന്നു ഡൊമിനിക് മാർട്ടിൻ ലക്ഷ്യമിട്ടത്. കേസിൽ 294 സാക്ഷികളുണ്ട്. 137 തൊണ്ടിമുതലും 236 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Charge sheet filed in Kalamasery blast case

MORE IN Kuttapathram
SHOW MORE