ബനിയന്‍റെ അടിയില്‍ രഹസ്യ അറയുള്ള വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയത് 40 ലക്ഷം; 2പേര്‍ പിടിയില്‍

kuzhalwalayar
SHARE

ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ, ചവാൻ സച്ചിൻ എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ബനിയന്‍റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇരുവരും പണം ഒളിപ്പിച്ചിരുന്നത്.

ബനിയന് അടിയില്‍ ഇങ്ങനെയൊരു വസ്ത്രമോ. അറയുള്ള വസ്ത്രമുണ്ടായിരുന്നുവെന്ന് മാത്രമല്ല അതിനുള്ളില്‍ ലക്ഷങ്ങളുണ്ടെന്നും തിരിച്ചറിയുകയാണ്. ചെറിയ തുകയൊന്നുമല്ല. ഒരിടത്ത് ഇരുപത് ലക്ഷം. രണ്ടാമത്തെയാളുടെ മാന്ത്രിക ബനിയനിലുമുണ്ടായിരുന്നു അതേ മൂല്യമുള്ള തുക. ഇരുപത് ലക്ഷം. വിശാൽ ബിലാസ്ക്കറും, ചവാൻ സച്ചിനും ഒരുമിച്ചാണ് ശരീരത്തില്‍ പണമൊളിപ്പിച്ച് കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്ക് ബസ് മാര്‍ഗം യാത്ര തുടങ്ങിയത്. വിശാല്‍ ബിലാസ്ക്കര്‍ വാളയാര്‍ വഴി പാലക്കാട്ടേക്ക് ടിക്കറ്റെടുത്തു. ചവാന്‍ സച്ചിന്‍ കൊഴിഞ്ഞാമ്പാറ വഴി യാത്രാ ദൈര്‍ഘ്യമുള്ള വഴി തെരഞ്ഞെടുത്തു. ഒരുമിച്ച് യാത്ര ചെയ്താല്‍ പരിശോധനയില്‍ അകപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് രണ്ട് വഴികളിലൂടെ സഞ്ചരിച്ചത്. വിശാൽ ബിലാസ്ക്കർ വാളയാറിലെത്തിയപ്പോള്‍ അതിര്‍ത്തിയില്‍ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പരിശോധന. പരുങ്ങലില്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ വേഗം തിരിച്ചറിയാനായി. കാര്യം അന്വേഷിക്കുന്നതിനിടെ ചവാന്‍ സച്ചിനെക്കുറിച്ചുള്ള വിവരം കൈമാറി. അടുത്തസംഘം ചന്ദ്രനഗറില്‍ നിന്നും ഇയാളെയും പിടികൂടി. ഇരുവരും പണം പതിവായി അതിര്‍ത്തി കടത്തുന്ന സംഘത്തിലെ കണ്ണികളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണ്ണ ഇടപാടിലെ പണമെന്ന് ഇരുവരും വാദിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു രേഖയും കൈവശമുണ്ടായിരുന്നില്ല. വാളയാര്‍, കസബ പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും കൈമാറ്റ ലക്ഷ്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കും.

40 lakhs was smuggled in a garment with a secret compartment under the banyan

MORE IN Kuttapathram
SHOW MORE