വ്യാജ ജഡ്ജിയായി 2000 കുറ്റവാളികളെ മോചിപ്പിച്ചു; ‘പഠിച്ച’ കള്ളന്‍ ധനി റാം മിത്തല്‍ അന്തരിച്ചു

dhani-ram-mittal-dies
Image Credit: X
SHARE

ഫസ്റ്റ് ക്ലാസോടെ സയന്‍സില്‍ ബിരുദവും എല്‍എല്‍ബിയും നേടിയ യുവാവ്. 1968 മുതല്‍ 1974 വരെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അയാള്‍ ഒരു സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്യുന്നു. പക്ഷേ ഷിഫ്റ്റ് അവസാനിച്ച് കഴിഞ്ഞാല്‍ അയാള്‍ക്ക് സമയം പോകാന്‍ ഒരു ‘ഹോബി’ വേണം. ധനി റാം മിത്തല്‍ എന്ന ആ യുവാവ് ഒടുവില്‍ കണ്ടെത്തിയ ‘ഹോബി’യായിരുന്നു വാഹന മോഷണം. കോടതിയിലെ പാര്‍ക്കിങ് സ്ഥലത്തു നിന്ന് വാഹനങ്ങള്‍ മോഷ്ടിക്കുക; ഒരു തമാശയ്ക്കുവേണ്ടി. അങ്ങിനെ അയാള്‍ ഇന്ത്യകണ്ട ഏറ്റവും വിദ്യാസമ്പന്നനും ബുദ്ധിമാനുമായ കുറ്റവാളികളില്‍ ഒരാളായി കുപ്രസിദ്ധി നേടി. സൂപ്പര്‍ നട്‌വര്‍ലാല്‍ എന്നും ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നും അയാള്‍ അറിയപ്പെട്ടു. ഒടുവില്‍ അയാള്‍ മരിച്ചെന്ന് വാര്‍ത്ത വന്നപ്പോളും അയാളുടെ ശവസംസ്കാരം നേരിട്ടുകണ്ട് ഉറപ്പിക്കാന്‍ വേണ്ടി പൊലീസ് ഉദ്യോഗസ്ഥരെത്തി.

ധനി റാം മിത്തല്‍ ചെയ്ത കുറ്റകൃങ്ങള്‍ വെറും മോഷണത്തില്‍ ഒതുങ്ങില്ല. കോടതി പരിസരത്തെ ‘ടൈം പാസ്’ അയാള്‍ക്ക് കോടതിയിലും നിയമത്തിലും അഭിനിവേശം ജനിപ്പിച്ചിരിക്കണം. കാരണം പില്‍ക്കാലത്ത് അയാള്‍ ഒരു ജ‍ഡ്ജായി. പക്ഷേ നേരായ വഴിയിലൂടെ അല്ലെന്ന് മാത്രം. മജിസ്ട്രേറ്റ് കസേരയിലെത്താന്‍ പോലും ധനി റാം മിത്തല്‍ തിരഞ്ഞെടുത്ത വഴി വിചിത്രമായിരുന്നു. ഹരിയാനയിലെ ജജ്ജാർ കോടതിയിലെ ജഡ്ജിയെ ഒരു വ്യാജ ഉത്തരവ് നിര്‍മ്മിച്ച് നിർബന്ധിത അവധിക്ക് അയക്കുന്നു. പിന്നാലെ തല്‍സ്ഥാനത്ത് മജിസ്‌ട്രേറ്റായി ധനി റാം മിത്തല്‍ സ്വയം നിയമിതനാകുന്നു.

ജഡ‍്ജിയായി സ്വയം അവരോധിതനായിരുന്ന ധനി റാം മിത്താല്‍ വെറുതേയിരുന്നു എന്നു കരുതേണ്ട. ദിവസേന കേസുകള്‍ കേട്ട ധനി റാം കുറേ പേരെ ജയിലേക്കയക്കുകയും വിചാരണത്തടവുകാരില്‍ ഭൂരിഭാഗംപേര്‍ക്കും ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. ഇത്തരത്തില്‍ സുഹൃത്തുക്കളോ കൂട്ടാളികളോ ആയിരുന്ന 2000 കുറ്റവാളികളെ അദ്ദേഹം ജയിലിൽ നിന്ന് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നീതിന്യായ വ്യവസ്ഥയിൽ ജയിൽ ഒരു അപവാദമാണെന്നും ജാമ്യമാണ് വേണ്ടതെന്നുമായിരുന്നു ‘ജഡ്ജി ധനി റാം മിത്താലി’ന്‍റെ വാദം. ഒരിക്കല്‍ സ്വന്തം കേസില്‍ തന്നെ ഇയാള്‍ വിധി പറഞ്ഞതായും പറയപ്പെടുന്നു. നിയമത്തില്‍ ബിരുദമുണ്ടായിരുന്ന അയാളെ ആരും സംശയിച്ചതുപോലും ഉണ്ടായില്ല.

രണ്ട് മാസം അങ്ങിനെ ജഡ്ജിയായി തുടര്‍ന്നു. ഒടുവില്‍ നിയമം പിടിമുറുക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് കാലം തനിക്കിങ്ങനെ വ്യാജ ജഡ്ജിയായി തുടരാന്‍ കഴിയില്ലെന്ന് മനസിലാക്കി. തട്ടിപ്പ് അധികാരികൾ മനസ്സിലാക്കുന്നതിന് മുമ്പ് അയാൾ രക്ഷപെട്ടു. പിന്നാലെ അയാള്‍ പുതിയ ജോലികള്‍ പഠിച്ചു, പുതിയ ജോലികളില്‍ പ്രവേശിച്ചു. അങ്ങനെ ഹരിയാനയിലെ ഗതാഗത വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. അവിടെയും മറ്റ് കുറ്റകൃത്യങ്ങള്‍ തകൃതിയായി നടന്നു പോന്നു. ആളുകള്‍ക്ക് വ്യാജ ലൈസന്‍സുകള്‍ ധനി റാം നിര്‍മിച്ചു നല്‍കി.

ഒടുവില്‍ ആ ജോലിയും മടുത്ത ധനി റാം മിത്തല്‍ ഗ്രാഫോളജിയില്‍ ഒരു കോഴ്സ് ചെയ്യാനായി കൊല്‍ക്കത്തയ്ക്ക് പുറപ്പെട്ടു. പക്ഷേ അതൊന്നും വാഹന മോഷണം പോലെ അല്ലെങ്കില്‍ അഭിഭാഷകവൃത്തി പോലെയോ ധനി റാം മിത്താലിന് താല്‍പര്യമുള്ളവയായിരുന്നില്ല. ഇതോടെ റോഹ്തക്കിലേക്ക് മടങ്ങിയെത്തിയ അയാള്‍ വീണ്ടും വ്യാജനായി അഭിഭാഷകവൃത്തി ആരംഭിച്ചു. ഒപ്പം ഒഴിവു സമയം കാര്‍ മോഷണവും.

1960 മുതൽ 2000 വരെയുള്ള കാലയളവില്‍ ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 150-ലധികം കാർ മോഷണക്കേസുകളിൽ മിത്തൽ നേരിട്ട് പ്രതിയാണ്. കാർ മോഷണം, വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ 1000-ത്തിലധികം കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടതായി പൊലീസ് പറയുന്നു. എന്നാല്‍ 2014-15 ന് ശേഷം ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുവന്ന കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയിരുന്നു. പക്ഷേ അപ്പോളും നിയമം ധനി റാം മിത്താലിന് ‍‌തടസ്സമായിരുന്നില്ല പക്ഷേ പ്രായം വില്ലനായിമാറി.  

2016-ൽ 77-ാം വയസ്സിൽ റാണി ബാഗിൽ കാര്‍ മോഷണത്തിന് മിതത്തല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 95ാമത്തെ അറസ്റ്റായിരുന്നു ഇത്. അക്കാലങ്ങളില്‍ ജയിലില്‍ കിടക്കേണ്ടി വന്ന സമയം തന്‍റെ ഭൂതകാലം ധനി റാമിനെ വേട്ടയാടിയിരുന്നതായാണ് പൊലീസ് പറയുന്നത്. പക്ഷേ പ്രായാധിക്യം കാരണം അയാള്‍ക്ക് കൂടുതല്‍ കാലം ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടി വന്നില്ല. ഷാലിമാര്‍ ബാഗില്‍ നിന്ന് മോഷ്ടിച്ച മാരുതി എസ്റ്റീം കാര്‍ ഒരു ആക്രി കച്ചവടക്കാരന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലും ധനി റാം മിത്തല്‍ അറസ്റ്റിലായി.

ജയിൽ വാസം തനിത്ത് മടുത്തുവെന്നാണ് മിത്തല്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ആഴ്ചകൾക്കുള്ളിൽ അദ്ദേഹത്തിന് പക്ഷാഘാതം ബാധിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു ധനി റാം മിത്തലിന്‍റെ മരണം. ശനിയാഴ്ചയായിരുന്നു സംസ്കാരം. എന്നാല്‍ മിത്തലിന്‍റെ ഭൂതകാലത്തെക്കുറിച്ച് അറിവുള്ളതുകൊണ്ട് മരണം മറ്റൊരു നാടകമല്ലെന്നും സംസ്കാരം നടന്നുവെന്നും ഉറപ്പുവരുത്താന്‍ എസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ശവസംസ്കാരത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

Dhani Ram Mittal, a thief who acted as judge passed away at 85.

MORE IN Kuttapathram
SHOW MORE