ക്വാറികളില്‍ നിന്നും അളവില്‍ കൂടുതല്‍ ലോഡ് കയറ്റി തട്ടിപ്പ്; ലോറികള്‍ പിടികൂടി

lorry-seized
SHARE

ക്വാറികളില്‍ നിന്നും അളവില്‍ കൂടുതല്‍ ലോഡ് കയറ്റി പതിവായി തട്ടിപ്പ് നടത്തിയിരുന്ന ലോറികള്‍ പിടികൂടി വിജിലന്‍സ് സംഘം. പട്ടാമ്പി ഓങ്ങല്ലൂർ വാടാനംകുറുശ്ശിയിലെ ക്വാറികളിലെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പതിനാല് ലോറികള്‍ പിടികൂടി. അനുവദിച്ചതിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയാണ് പല വാഹനങ്ങളും ഓടിയിരുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. 

ക്വാറികളില്‍ അനുമതിയില്‍ കൂടുതല്‍ ഖനനം. ലോറികളില്‍ കയറ്റുന്നത് പരിധി കവിഞ്ഞ് ഇരട്ടിയിലധികം ഭാരം. ക്വാറി ഉടമയും ലോറി ഉടമയും ഒരുപോലെ സര്‍ക്കാരിനുണ്ടാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം. ക്രമക്കേട് വ്യാപകമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ നാല് ക്വാറികളില്‍ പാലക്കാട് വിജിലന്‍സ് സംഘമെത്തി. അമിതഭാരം കയറ്റിയ പതിനാല് ലോറികള്‍ കൈയോടെ പിടികൂടി. ഇരുപത് ടൺ അനുവദിച്ച പാസുകളിൽ 50 ടൺ ഭാരം കയറ്റിയതായി പരിശോധനയിൽ കണ്ടെത്തി. പട്ടാമ്പിയിലെയും ഷൊര്‍ണൂരിലെയും ഭാര പരിശോധന കേന്ദ്രങ്ങളില്‍ എത്തിച്ചായിരുന്നു ക്രമക്കേടിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയത്. 

മോട്ടർ വാഹന വകുപ്പ്, മൈനിങ് ആന്റ് ജിയോളജി, ജി.എസ്.ടി വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു വിജിലന്‍സ് പരിശോധന. രാവിലെ തുടങ്ങിയ പരിശോധന മൂന്ന് മണിക്കൂറിലേറെ നീണ്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്വാറികളില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാവും. സര്‍ക്കാരിനുണ്ടാക്കുന്ന നഷ്ടത്തിന് പുറമെ അളവില്‍ കൂടുതല്‍ ഭാരവുമായി ടോറസ് ഉള്‍പ്പെടെ വേഗതയില്‍ നീങ്ങുമ്പോള്‍ പുത്തന്‍ റോഡുകള്‍ പലതും പൊട്ടിപ്പൊളിയുന്നതും പതിവായിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE