ചെയ്യാത്ത കുറ്റത്തിന് കള്ളനാക്കി; രതീഷിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ്: നാട്ടുകാര്‍

ratheesh
SHARE

കൊല്ലം അ‍ഞ്ചല്‍ സ്വദേശി രതീഷിനെ മരണത്തിലേക്ക് തളളിവിട്ടത് പൊലീസെന്ന് നാട്ടുകാരും ബന്ധുക്കളും. പത്തുവര്‍ഷം മുന്‍പ് മോഷ്ടാവെന്ന് മുദ്രകുത്തി പൊലീസ് പിടികൂടുകയും പിന്നീട് യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ രതീഷിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. തന്നെ കളളനാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് രതീഷ് ജീവനൊടുക്കിയത്.

വർഷങ്ങളോളം മോഷ്ടാവെന്ന അപമാനം പേറി നീതി കിട്ടാതെയാണ് രതീഷ് യാത്രയായത്. 2014ല്‍ അഞ്ചല്‍ പൊലീസാണ് ഒാട്ടോറിക്ഷാ ഡ്രൈവറായ രതീഷിനെ കളളനാക്കിയത്. അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ഏറെനാള്‍ ജയിലില്‍ കഴിയേണ്ടി വന്നു. പിന്നീട് 2020ല്‍ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് മെഡിക്കല്‍ സ്റ്റോറിലെ മോഷണത്തെക്കുറിച്ച് അയാള്‍ കുറ്റംസമ്മതിച്ചത്. തുടര്‍ന്ന് നിരപരാധിയായ രതീഷ് ജയില്‍മോചിതനായി. 

കളളക്കേസില്‍ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി തുടര്‍ന്നപ്പോള്‍ 25 ലക്ഷം രൂപ രതീഷിന് നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥന്റെ അപ്പീലില്‍ മേല്‍ക്കോടതിയില്‍ നിന്ന് പിന്നീട് അന്തിമവിധി വന്നിട്ടില്ല. കേസ് നടത്തിപ്പിലുണ്ടായ സാമ്പത്തിക ബാധ്യതയും കസ്റ്റഡി കാലത്തെ ക്രൂരമര്‍ദനത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളും രതീഷ് ജീവനൊടുക്കുന്നതിന് കാരണമായി. രതീഷിനെ മരണത്തിലേക്ക് തളളിവിട്ടത് പൊലീസാണെന്നും നീതിവേണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു.

Ratheesh suicide; local accuse police for reason

MORE IN Kuttapathram
SHOW MORE