അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അഞ്ചു പവനും പണവും കവര്‍ന്നു

കൊല്ലം ചിതറയിൽ വീടുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ചിതറ ദാറുൽ മർവയിൽ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജഹാൻ വിദേശത്താണ്. ഭാര്യയും കുട്ടികളും കഴിഞ്ഞ മാർച്ച് പതിനെട്ടിന് വിദേശത്തേക്ക് പോയി. പൂട്ടിയിട്ടിരുന്ന വീട് നോക്കുന്നതിനായി കഴിഞ്ഞ ദിവസം എത്തിയ ബന്ധുവാണ് മോഷണം അറിയുന്നത്. 

മുൻവാതിൽ തുറന്ന് അകത്തുകയറിയപ്പോള്‍ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതായി കാണപ്പെട്ടു. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് അഞ്ചു പവൻ സ്വർണവും മുപ്പതിനായിരം രൂപയുമാണ് കവര്‍ന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. ആ ദിവസം തന്നെയാകാം ഇവിടെയും മോഷ്ടാവ് എത്തിയതെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.

Kollam Theft