വീടുകള്‍ക്ക് നേരെ ലഹരിമാഫിയയുടെ ആക്രമണം; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

thamarassery-attack
SHARE

കോഴിക്കോട് താമരശേരിയില്‍ വീടുകള്‍ക്ക് നേരെ ലഹരിമാഫിയയുടെ ആക്രമണം. കൂടത്തായി സ്വദേശിയായ വ്യാപാരിക്ക് വെട്ടേറ്റു. അമ്പലമുക്ക് ലഹരി മാഫിയ ആക്രമണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ദൃക്സാക്ഷികള്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ആക്രമികള്‍ക്കായി  തിരച്ചില്‍ തുടരുകയാണ്.  

കുടുക്കില്‍ ഉമ്മരം സ്വദേശികളായ മാജിദിന്‍റെയും ജലീലിന്‍റെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മാജിദിന്‍റെ  വീടിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ച് ആക്രമികള്‍ ഉള്ളില്‍ക്കയറി. ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.അമ്പലമുക്ക് ലഹരി മാഫിയ ആക്രമണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അയ്യൂബ്, ഫിറോസ്, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അമ്പലമുക്ക് സംഭവത്തില്‍ വെട്ടേറ്റ ഇര്‍ഷാദിനെ അയ്യൂബിന്‍റെ സംഘം വീണ്ടും കണ്ടുമുട്ടുകയും പരസ്പരം വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു.  ഇതിന്‍റെ തുടര്‍ച്ചയായാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ചത്. 

പ്രതിരോധക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വ്യാപാരിയായ നവാസിന് വെട്ടേറ്റത്. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്ന് ആക്രമി സംഘത്തിന്‍റെ സ്കൂട്ടറും കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘ തലവന്‍ അയ്യൂബിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവായതാണ്. ഇതിനിടെയാണ് ഇങ്ങനെയൊരു ആക്രമണം. 

പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE