സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനം സ്പെയർ കീ ഉപയോഗിച്ച് മോഷ്ടിച്ചു; അറസ്റ്റ്

vehicle
SHARE

കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനം സ്പെയർ കീ ഉപയോഗിച്ച് മോഷ്ടിച്ചയാളെ കിലോമീറ്ററുകളോളം പിന്തുടർന്ന് അങ്കമാലി പൊലീസ്. മലപ്പുറം തിരുനാവായ അനന്തപുരം സ്വദേശി സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മറികടന്ന് വാഹനം പുറത്തേക്ക് കുതിച്ചു. പോലീസ് പിന്തുടർന്നു. പുതുക്കാട്ട് ഹൈവേയിൽ നിന്ന് ഇട റോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പോലീസിന്‍റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

13–നാണ് എം.സി റോഡിൽ തമിഴ്നാട് സ്വദേശികളുമായുണ്ടായ തർക്കത്തെ തുടർന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഒൺ ലൈനിൽക്കണ്ട് തമിഴ് നാട് സ്വദേശികൾ കേരളത്തിൽ വരികയും രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ബാക്കി തുക കൊടുക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്ന് പറഞ്ഞിരുന്നു. ഈ വാഹനം തമിഴ്നാട്ടിൽ നിന്ന് പിന്നീട് മോഷണം പോയി. 

അടുത്ത കാലത്ത് ഇന്നോവ വിൽപനയ്ക്കെന്ന പരസ്യം ഒൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ വീണ്ടും ബന്ധപ്പെട്ടു. കച്ചവടം തീരുമാനമായതോടെ എം.സി റോഡിൽ വാഹനവുമായി സംഘം എത്തി. സംഘത്തിൽ ഉള്ളത് മോഷ്ടിക്കപ്പെട്ട കാർ കൊടുത്തയാളുകൾ തന്നെയാണെന്ന് മനസ്സിലാക്കിയ വാങ്ങാൻ എത്തിയവർ ചോദ്യം ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് പോലീസ് എത്തിയത്. ആദ്യത്തെ കാർ മോഷ്ടിച്ചത് ഇവരാണെന്ന് മനസ്സിലാക്കി തന്നെയാണ് വാഹനം വാങ്ങാൻ വീണ്ടും സമീപിച്ചതെന്ന് തമിഴ് നാട്ടിൽ നിന്ന് വന്നവർ പോലീസിനോട് പറഞ്ഞു. തുടർന്നാണ് പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE