അടിമാലിയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കരുതിക്കുട്ടിയെന്ന് പൊലീസ്

ഇടുക്കി അടിമാലിയിൽ മോഷണത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് കരുതിക്കുട്ടിയെന്ന് പൊലീസ്. പ്രതികളായ അലക്സും കവിതയും വായോധികയോട് അടുപ്പം സ്ഥാപിച്ചിരുന്നു. കോതമംഗലത്ത് മറ്റൊരു വായോധിക സമാനമായ രീതിയിൽ കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് പങ്കുണ്ടന്നാണ് പൊലീസ് സംശയിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

രണ്ട് പവൻ സ്വർണം കൈക്കലാക്കുന്നതിനാണ് കൊല്ലം സ്വദേശികളായ അലക്സും കവിതയും ചേർന്ന് എഴുപതുകാരിയായ ഫാത്തിമയെ കൊലപ്പെടുത്തിയത്. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച പ്രതികൾ ജോലി തേടിയാണ് അടിമാലിയിലെത്തിയത്. ശേഷം പണമുണ്ടാക്കുന്നതിനായി മോഷണം തുടങ്ങി. വാടകയ്ക്ക് വീട് തേടുന്നു എന്ന വ്യാജേനയാണ് പ്രതികൾ ഫാത്തിമയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീട്ടിൽ ആളില്ലാത്ത സമയം നോക്കി കൊലപ്പെടുത്തുകയായിരുന്നു 

മോഷ്ടിച്ച സ്വർണം അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 60000 രൂപയ്ക്ക് പണയം വെച്ച് തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. അടിമാലിയിൽ നിന്നും ഇവർ വിളിച്ച ടാക്സി ഡ്രൈവർ നൽകിയ വിവരമാണ് പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചത്. പാലക്കാട് കുഴൽമന്ദത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. അടിമാലിയിലും കോതമംഗലത്തും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധമുണ്ടായി. ഫാത്തിമയുടെ കഴുത്ത് അറുക്കാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു