ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച; ഒന്നര കോടിയുടെ സ്വർണം കവര്‍ന്നു

chennai-crime
SHARE

ചെന്നൈയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച. ആവഡിയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണമാണ് കവർന്നത്. കാറിലെത്തിയ നാലംഗ സംഘം ഉടമയെ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. പ്രതികളെ പിടികൂടാൻ 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ് ചെന്നൈ പൊലീസ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ആവഡി , മുത്താളിപേട്ടയിൽ പ്രവർത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയിലാണ് പട്ടാപ്പകൽ വൻ കവർച്ച നടന്നത്. പ്രദേശവാസിയായ പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ആറു വർഷമായി പ്രവർത്തിച്ചുവരികയാണ്. ചെറിയ ജ്വല്ലറി ആയതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ കടയിലേക്ക് എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. കാറിലെത്തിയ സംഘം കടയുടമ പ്രകാശിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ഉടമയുടെ കൈകാലുകൾ കെട്ടിയിട്ടു. ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം കൈക്കലാക്കിയത്. കടയുടെ ഷട്ടർ താഴ്ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. കൈകാലുകൾ കെട്ടിയിട്ടിരുന്ന കടയുടമ മണിക്കൂറുകൾ പരിശ്രമിച്ചാണ് കെട്ടഴിച്ച് പൊലീസിനെ വിവരം അറിയിച്ചത്. ഹിന്ദി സംസാരിച്ചിരുന്നതിനാൽ ഉത്തരേന്ത്യൻ സംഘമാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ ആവഡി ഡെപ്യൂട്ടി കമ്മീഷണർ ഐമാൻ ജമാൽ പറഞ്ഞു. 

കൊള്ള നടത്തിയ സംഘം മുഖംമൂടി ധരിക്കാത്തതിനാൽ നാലുപേരുടെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇവരെത്തിയ വാഹനത്തിന്‍റെ നമ്പറും അടിസ്ഥാനമാക്കി വ്യാപക പരിശോധനയാണ് നടത്തുന്നത്. 5 പ്രത്യേക സംഘങ്ങളെയാണ് കൊള്ളക്കാരെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ അടക്കമുള്ള സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE