സൽമാൻ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു

shooting-at-salman-khans-ho
SHARE

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ രംഗത്തെത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു ഇടവേളയ്ക്ക് ശേഷം നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവയ്പും അക്രമ സംഭവങ്ങളും ആശങ്കയേറ്റുകയാണ്.

സൂപ്പര്‍ താരത്തിന്‍റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ് നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്‍റിന് നേരെ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു ആക്രമണം.  ബൈക്കിലെത്തിയ രണ്ടു പേര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.  അപ്പാര്‍ട്ട്മെന്‍റിന്‍റെ ചുമരില്‍ പതിച്ച് തെറിച്ചുവീണ ഒരു വെടിയുണ്ട കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആദ്യം ബൈക്ക് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. അപ്പാര്‍ട്ട്മെന്‍റ് പരിസരത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയായിരുന്നു ഇത്. പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 

പ്രതികള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്നുള്ള സംഘമാണെന്നാണ് സൂചന. 15 ടീമുകളായി തിരിഞ്ഞ് മുംബൈ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയ് രംഗത്തെത്തി. ഇത് ട്രെയിലര്‍ മാത്രമാണെന്നും ഇനി വെടിയുണ്ട പായുന്നത് ഫ്ലാറ്റിന് പുറത്ത് ആയിരിക്കില്ലെന്നുമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. 

എന്നാല്‍ ഈ ഐ.ഡിയുടെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്‍മാന് ബിഷ്ണോയി സംഘത്തിന്‍റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും ഭീഷണിക്കത്തുകളും ഇ–മെയിലുകളും ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സല്‍മാന്‍ ഖാനെ ഫോണില്‍ വിളിച്ച  മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉന്നതതല സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു. അതേസമയം, മുംബൈയില്‍ തുടര്‍ച്ചയായി നടക്കുന്ന വെടിവയ്പ്പും അക്രമ സംഭവങ്ങളും ആശങ്ക ഉയര്‍ത്തുകയാണ്. രണ്ടുമാസം മുന്‍പ് നടന്ന മൂന്ന് വെടിവയ്പ്പ് കേസുകളിലും വ്യക്തമായ രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. തോക്കെടുത്ത ഒരു ഭരണകക്ഷി എംഎല്‍എ ഇപ്പോള്‍ ജയിലിലാണ്.

Salman Khan Home Firing Case: Cops Release Picture Of Suspects

MORE IN Kuttapathram
SHOW MORE