വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: 4 പ്രതികളും കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍.ഐ.എ കോടതി. ഒന്നാംപ്രതി രൂപേഷ്, നാലാംപ്രതി കന്യാകുമാരി, ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് എൻ.ഐ.എ സ്പെഷൽ ജഡ്ജ് കെ. കമനീസ് കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. വയനാട് വെള്ളമുണ്ടയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.ബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി വിധിച്ചത്. എട്ടുപേരുള്ള കേസിൽ ബാക്കി മൂന്ന് പ്രതികൾ പിടിയിലാകാനുണ്ട്. യു.എ.പി.എ നിയമപ്രകാരം നാലുപേരും കുറ്റക്കാരെന്ന് കോടതി വിധിച്ചു. 

രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവർത്തനങ്ങളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും, സഹായം ചെയ്തതിനും യു.എ.പി.എ നിയമത്തിലെ 38, 39 വകുപ്പുകൾ മാത്രമാണ് തെളിഞ്ഞത്. പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.  ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്നും ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നുമായിരുന്നു കോടതിയിൽ രൂപേഷിന്റെ പ്രതികരണം. കുറ്റക്കാരെന്ന് വിധിച്ച ശേഷവും പ്രതികളുടെ പ്രതികരണത്തിൽ കുറ്റബോധമൊന്നുമില്ലെന്ന് എൻ.ഐ.എ സീനിയർ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ വാദിച്ചു. പ്രതികളെല്ലാം പരമാവധി ശിക്ഷയ്ക്ക് സമാനമായ കാലം ജയിൽ ശിക്ഷ അനുഭവിച്ചുവെന്നും ശിക്ഷയിൽ ഇളവുണ്ടാകണമെന്നും പ്രതിഭാഗം വാദിച്ചു.

Vellamunda Maoist case verdict update