സി.ഐയുടെ ഫോട്ടോ ഇട്ട് ഭീഷണിയും ആക്ഷേപവും; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പൊലീസിനെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസ്. മലയാലപ്പുഴ സി.ഐ. ആണ് പരാതിക്കാരന്‍. സ്ത്രീയേയും കുട്ടിയേയും ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാക്കിയ വിരോധത്തിലായിരുന്നു ഭീഷണി.

 ഫേസ്ബുക്കില്‍ മലയാലപ്പുഴ സിഐ വിഷ്ണുകുമാറിന്‍റെ ഫോട്ടോ അടക്കം ഇട്ടാണ് ഭീഷണിയും ആക്ഷേപവും. സി.ഐയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് അയല്‍ക്കാരിയായ യുവതിയേയും കുട്ടിയേയും മാരകായുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചതിന് അര്‍ജുന്‍ദാസിനും ഭാര്യക്കും, അര്‍ജുന്‍ദാസിന്‍റെ സഹോദരനും എതിരെ കേസെടുത്ത വിരോധമാണ് ഭീഷണിക്ക് കാരണം. ഇതില്‍ അര്‍ജുന്‍ ദാസിന്‍റെ ഭാര്യ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗംകൂടിയാണ്. 

അര്‍ജുന്‍ദാസിന്‍റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ പാറകടത്തുന്നത് പൊലീസ് പിടികൂടിയിരുന്നു. ഇത് പൊലീസിനേയും കലക്ടറേയും അറിയിച്ചത് അയല്‍‌ക്കാര്‍ ആണെന്ന സംശയത്തില്‍ ആയിരുന്നു ആക്രമണം.  ഇതിനെ തുടര്‍ന്ന് പൊലീസ് കാവല്‍ ഉണ്ടായിട്ടുപോലും അര്‍ജുന്‍ ദാസിന്‍റെ വീട്ന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കാരണമാണ് പൊലീസ് കാവല്‍ നിന്നത്. അതില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെയും കേസുണ്ട്. ഇത്രയേറേ വിവാദമായിട്ടും അര്‍ജുന്‍ദാസിനേയോ കൂട്ടുപ്രതികളേയുെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.

Case against CPM branch secretary for threatening police