ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

കത്തുന്ന വേനലിലും ജലസമൃദ്ധമായിരുന്ന ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പ് പകുതിയായി കുറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജല അതോറിറ്റി പൊലീസിനെ സമീപിച്ചു. 

ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ. ഇതിനു പുറമേ, വേനൽ കത്തിക്കയറി വരൾച്ച സമാനമായ സാഹചര്യം നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറിൽ ജലവിതരണം. എങ്കിലും ജലസമൃദ്ധമായിരുന്നു തടയണ. ഇതിനിടെയാണു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഷട്ടറുകൾ തുറന്ന നിലയിൽ കാണപ്പെട്ടത്. ഒരു ഷട്ടർ അഴിച്ചുമാറ്റിയ നിലയിലും മറ്റൊന്ന് വെള്ളത്തിലേക്കു തള്ളിയ നിലയിലുമാണ്.

തുറന്നുവയ്ക്കപ്പെട്ട ഷട്ടറുകൾ വഴി വെള്ളം വൻതോതിൽ ഒഴുകിപ്പോയി. ഇതോടെ തടയണയിലെ വെള്ളം പരമാവധി സംഭരണ ശേഷിയുടെ പകുതിയായി കുറഞ്ഞു. നിലവിൽ പമ്പിങ്ങിനെ ബാധിക്കുമെന്ന ആശങ്കയില്ലെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. ജല അതോറിറ്റിയുടെ പരാതി പ്രകാരം സ്ഥലത്തു പൊലീസ് പരിശോധന നടത്തി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണു ജല അതോറിറ്റി.

Anti-socials on the rampage at Ottapalam Meetna barricade