പുക പരിശോധനയില്‍ പരാജയപ്പെട്ട ബൈക്കിന് തമിഴ്നാട്ടിൽനിന്ന് സര്‍ട്ടിഫിക്കറ്റ്; രജിസ്ട്രേഷൻ റദ്ദാക്കി

fake-pollution
SHARE

കൊച്ചിയിൽ നടത്തിയ പുക പരിശോധനയിൽ രണ്ടുവട്ടം പരാജയപ്പെട്ട ബൈക്കിന് അരമണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽനിന്ന് പുക പരിശോധന സർട്ടിഫിക്കറ്റ്. തട്ടിപ്പ് കയ്യോടെ പൊക്കിയ മോട്ടോർ വാഹന വകുപ്പ് ബൈക്കിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. വ്യാപക ക്രമക്കേടിനുള്ള സാധ്യത കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് പരിശോധന തുടങ്ങി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

KL 9 AU 1005 നമ്പർ 1996 മോഡൽ യെസ്ഡി ബൈക്ക് കൊച്ചി ചേരാനെല്ലൂരിൽ ആദ്യം പുകപരിശോധനയ്ക്ക് എത്തിച്ചത് കഴിഞ്ഞ മാർച്ച് 25 ന്. കാർബൺ മോണോക്സൈഡിന്‍റെ അളവ് അനുവദനീയമായതിലും ഇരട്ടിയിലധികമായതിനാൽ പരാജയപ്പെട്ടു. അഞ്ചു ദിവസത്തിനുശേഷം കൊച്ചിയിലെ മറ്റൊരു കേന്ദ്രത്തിൽ വീണ്ടും പരിശോധന നടത്തി. പരിശോധനാ സമയം രാവിലെ 10.37. വീണ്ടും പരാജയപ്പെട്ടു. കൃത്യം 24 മിനിറ്റിനുശേഷം കോയമ്പത്തൂരിൽനിന്ന് ഇതേ വാഹനത്തിന് പുക പരിശോധന വിജയിച്ചതിന്‍റെ സർട്ടിഫിക്കറ്റ് അനുവദിച്ചു. പരിവാഹൻ വെബ്സൈറ്റിൽ നിശ്ചിത ഇടവേളയില്ലാതെ നടന്ന പുകപരിശോധകളും ഫലവും ശ്രദ്ധയിൽപ്പെട്ട എറണാകുളം എംവിഐ രാജേഷ് വിവരം ആർ.ടി.ഒ യെ അറിയിച്ചു. തുടർന്ന് ബൈക്ക് വിളിച്ചു വരുത്തി പരിശോധിച്ചു. തട്ടിപ്പ് നടത്തിയതായി ഉടമ സമ്മതിച്ചു. 

ബൈക്ക് വാങ്ങിയ ചേരാനെല്ലൂർ സ്വദേശി സ്വന്തം പേരിലേക്ക് വാഹനം മാറ്റിയിരുന്നില്ല. മോഡൽ കേന്ദ്രത്തിൽ നടത്തിയ പുക പരിശോധനയിലും പരാജയപ്പെട്ടു. ഇതോടെ എറണാകുളം ആർ.ടി.ഒ മനോജ് ബൈക്കിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. തട്ടിപ്പിന്‍റെ വിശദാംശങ്ങൾ തമിഴ്നാട് ട്രാൻസ്പോർട്ട് കമ്മിഷണറെ അറിയിക്കും. തുടർ നടപടികൾക്കും മോട്ടോർ വാഹന വകുപ്പ് നീക്കം തുടങ്ങി. സമാനമായ തട്ടിപ്പിന് സാധ്യത കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് വ്യാപക പരിശോധന തുടങ്ങി. 

MORE IN Kuttapathram
SHOW MORE