ഹോങ്കോങിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഹോങ്കോങിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ചന്ദ്രനഗർ സ്വദേശി രാജേഷിനെയാണു കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജില്ലയിലും പുറത്തുമായി വിവിധ സ്റ്റേഷന്‍ പരിധിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

മികച്ച ജോലി. ലക്ഷങ്ങളുടെ മാസ വരുമാനം. ജീവിതം പച്ച പിടിക്കുമെന്ന് ഉദാഹരണ സഹിതം വിശദീകരിക്കും. ആരെയും വീഴ്ത്താനുള്ള വാക് ചാതുര്യം. ഹോങ്കോങ് ജോലിയും വീസയും വിശ്വസിച്ച് രാജേഷിന്റെ വലയില്‍പ്പെട്ടവരുടെ എണ്ണം പൊലീസിന് പോലും തിട്ടപ്പെടുത്താനായിട്ടില്ല. പുതുശ്ശേരി സ്വദേശിയുടെ രണ്ടേ മുക്കാല്‍ ലക്ഷം തട്ടിയ കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ രാജേഷ് പാലക്കാട് നിന്നു കോയമ്പത്തൂരിലേക്കും പിന്നീട് മുംബൈയിലേക്കും മുങ്ങി. പിന്നീട് നാട്ടിലേക്ക് വന്നതേയില്ല. ഇതിനിടയില്‍ പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കി. കസബ പൊലീസ് രാജേഷിനെ പിടികൂടാനായി പ്രത്യേക സംഘത്തിന് ചുമതലയും നല്‍കി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയാണ് രാജേഷ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് കസബ പൊലീസിന് വിവരം കൈമാറി. പാലക്കാട് ജില്ലയിലും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജേഷ് പിടിയിലായ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ടവര്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കേസിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായും കസബ ഇൻസ്പെക്ടർ അറിയിച്ചു.