കാസര്‍കോട് 50 ലക്ഷം രൂപ കവര്‍ന്ന കേസ്: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

kgd-atm
SHARE

കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പണം കവര്‍ന്നതെന്നാണ് പൊലീസിന്റെ  പ്രാഥമിക നിഗമനം

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് എടിഎമ്മില്‍ നിറയ്ക്കാനായി എത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നത്. രണ്ടാഴ്ചയായി സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇല്ലാതെയാണ് മുംബൈ ആസ്ഥാനമായുള്ള ഏജന്‍സി കാസര്‍കോട് ജില്ലയിലെ വിവിധ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ എത്തിയത്. വാഹനത്തിന്‍റെ സ്ഥിരം ഡ്രൈവര്‍ ദിവസങ്ങളായി അവധിയിലായതിനാല്‍ ഏജന്‍സിയിലെ രണ്ട് ജീവനക്കാര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതും.  

ഇരുവശത്തുമുള്ള ഇരുമ്പ് ഗ്രില്‍ വാഹനത്തിനുള്ളില്‍ അഴിച്ചുവച്ച നിലയിലാണ്. ഇതെല്ലാം കൃത്യമായി അറിയുന്നവരാവണം  മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ സംശയം. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തുന്ന വിവരവും ദേശീയപാതയ്ക്കരികിലെ ഫുട്പാത്തില്‍ വാഹനം നിര്‍ത്തിയതുമെല്ലാം കവര്‍ച്ചാ സംഘത്തിന് ലഭിച്ചതും സംശയങ്ങള്‍ക്കിടയാക്കുന്നു. 40 വയസ് പ്രായം തോന്നുന്ന യുവാവ് ബാഗുമായി ഓടുന്നത് കണ്ടെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും കൂടുതല്‍പേര്‍ പിന്നിലുണ്ടാകുമെന്നാണ് നിഗമനം.   വിവിധ സ്ഥലങ്ങളില്‍ ഈ വാഹനം പിന്തുടര്‍ന്ന മറ്റ് വാഹനങ്ങളുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടാവ് പണവുമായി കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ണാടക പൊലീസിന്‍റേയും സഹായം തേടിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE