അനു കൊലക്കേസ്; പ്രതി മുജീബ് റഹ്മാനെ സാക്ഷി തിരിച്ചറിഞ്ഞു

anu-murder-accused
SHARE

കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ സാക്ഷി തിരിച്ചറിഞ്ഞു. സംഭവത്തിന്‍റെ ഏക ദൃക്സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമാകും. മുജീബ് റഹ്മാനെ വീണ്ടും കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അരുംകൊലയിലേക്ക് അനുവിനെ കൂട്ടിയുള്ള മുജീബിന്‍റെ യാത്രയുടെ ഏക സാക്ഷി. കേസിലെ ആ നിര്‍ണായക സാക്ഷിയാണ് കൊയിലാണ്ടി സബ് ജയിലില്‍ വച്ച് മുജീബ് റഹ്മാനെ തിരിച്ചറിഞ്ഞത്. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജഡ്ജിന്‍റെ സാന്നിധ്യത്തിലായിരുന്നു സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് മുജീബിനെ വീണ്ടും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ മുജീബ് റഹ്മാനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മാര്‍ച്ച് 11 തിങ്കളാഴ്ചയാണ് അനുവിനെ കാണാതായത്. തൊട്ടടുത്ത ദിവസം രാവിലെ പതിനൊന്നോടെ അല്ലിയോറയിലെ തോട്ടില്‍ നിന്ന് പുല്ലരിയാനെത്തിയവര്‍ മൃതദേഹം കണ്ടെത്തുന്നത്. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ കാല്‍തെന്നി വീണാല്‍ പോലും മുങ്ങി മരിക്കില്ല. ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയ അനു പിന്നെയെങ്ങനെ വെള്ളത്തില്‍ മുങ്ങി മരിച്ചു? അനു ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എവിടെപ്പോയി? അനുവിന്‍റെ ബന്ധുക്കളുടെ ഈ സംശയമാണ് കൊലപാതകവും ബലാല്‍സംഗവും അടക്കം അന്‍പത്തിയഞ്ചോളം കേസിലെ പ്രതിയായ മുജീബ് റഹ്മാനെ പിടികൂടാന്‍ കാരണം. പിന്നീട് കണ്ടത് കൊണ്ടോട്ടിയിലെ വീട്ടില്‍വച്ച് മുജീബിനെ സാഹസികമായി പൊലീസ് കീഴടക്കുന്ന രംഗമാണ്.

49കാരനായ മുജീബ് 18 വയസുമുതല്‍തന്നെ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് അനുകൊലക്കേസിലെ നിര്‍ണായക സാക്ഷി പ്രതി മുജീബിനെ തിരിച്ചറിഞ്ഞത്. വരും ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തേക്കും.

Anu murder case; The witness identified the accused Mujeeb Rahman

MORE IN Kuttapathram
SHOW MORE