അബിൻ ആസിഡ് വാങ്ങിയത് ഓൺലൈനായി; ആക്രമിച്ചത് പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോൾ

acid-attack-3
SHARE

മംഗളൂരൂ കഡബ കോളജിലെ ആസിഡ് ആക്രമണത്തിൽ പ്രതി അബിൻ സിബി ആസിഡ് വാങ്ങിയത് ഓൺലൈനായി. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കോളേജിലെത്തി ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് മലയാളി വിദ്യാർഥികളും അപകടനില തരണം ചെയ്തു.

രണ്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് അബിൻ കോളജിലെത്തി ആക്രമണം നടത്തിയത്. ഓൺലൈൻ വെബ്സൈറ്റിൽ നിന്ന് ആസിഡ് ഓർഡർ ചെയ്തു. ഇതിന് ശേഷം കോയമ്പത്തൂരിലെത്തി ആസിഡ് വാങ്ങി. ആസിഡ് നേർപ്പിച്ച് പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയ ശേഷമായിരുന്നു ആക്രമണം. കോളജിലേക്ക് പ്രവേശിക്കാനായി കോളജ് യൂണിഫോമും ധരിച്ചു. യാതൊരു സംശയയത്തിനും ഇടകൊടുക്കാതെ തിങ്കളാഴ്ച രാവിലെ അകത്തുകയറി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. നിലമ്പൂർ സ്വദേശിയായ പെൺകുട്ടിയായിരുന്നു ലക്ഷ്യം. 

ഈ പെൺകുട്ടിയുടെ മുഖത്തും, കഴുത്തിനും, കൈക്കും സാരമായി പൊള്ളലേറ്റു. നേർപ്പിച്ച ആസിഡായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ വീടും, അബിന്റെ വീടും തൊട്ടടുത്താണ്. അബിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് പകയ്ക്ക് കാരണം. അതേസമയം മംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് വിദ്യാർഥികളും അപകടനില തരണം ചെയ്തു. മലപ്പുറം സ്വദേശിയായ വിദ്യാർഥിക്ക് ശരീരത്തിൻ്റെ 20 ശതമാനവും സുഹൃത്തുക്കളായ രണ്ട് പേർക്ക് 10 ശതമാനവുമാണ് പൊള്ളലേറ്റത്. അബിനെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച അബിനെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്.

the accused who attacked malayali college students in karnataka brought the acid from online platform

MORE IN Kuttapathram
SHOW MORE