ഫാമിലി കൗണ്‍സിലിങ്ങിനായി കൗണ്‍സിലറെ വിളിച്ചുവരുത്തി; ഹണിട്രാപ്പില്‍ കുടുക്കി

ഫാമിലി കൗണ്‍സിലിങ്ങിനായി കൗണ്‍സിലറെ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കിയ സംഘം പിടിയില്‍. മലപ്പുറം സ്വദേശിയായ കൗണ്‍സിലറുടെ പരാതിയിലാണ്  രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂത്താട്ടുകളും പൊലീസ് അറസ്റ്റ് ചെയ്തത്. 

സമൂഹമാധ്യമങ്ങളില്‍ സുപരിചിതനായ  കൗണ്‍സിലറെയാണ്   കൂത്താട്ടുകുളത്തെ സ്വകാര്യ ഒാഡിറ്റോറിയത്തിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കിയത്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി വട്ടപ്പാറ സ്വദേശി അഭിലാഷ്,  ശാന്തൻപാറ സ്വദേശി ആതിര, അടിമാലി വാളറ സ്വദേശി അക്ഷയ കൊല്ലം സ്വദേശി  അല്‍ അമീന്‍ എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കൗണ്‍സിലിങ്ങ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍  കൂത്താട്ടുകുളത്തെത്തിയത് . അവിടെവച്ച് ലഹരിമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയ ശേഷം ഈ സംഘത്തിലുള്ള സ്ത്രീകളിലൊരാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കാണിച്ച് അഞ്ചുലക്ഷം രൂപ ഈ സംഘം കൗണ്‍സിലറോട് ആവശ്യപ്പെട്ടു . തുടര്‍ന്ന്  ഒാണ്‍ലൈനയായി 9000 രൂപ വാങ്ങി . കൗണ്‍സിലറുടെ വാഹനവും സ്ത്രീകളിലൊരാളുടെ പേരിലേക്ക് മാറ്റി വാങ്ങി.

കൗണ്‍സിലറുടെ പരാതിയിലാണ്  കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.  പണവും വാഹനവും തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഘത്തെ പിന്തുടര്‍ന്ന പൊലീസ്  തൃപ്പൂണിത്തുറയില്‍ വച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ആതിരയെ  ഇടപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്   കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി വിജയൻറെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.

Honey trap case arrest