ഹണിട്രാപില്‍ കുടുക്കി; കൊന്നത് ക്രൂരമായി; സിദ്ദിഖ് വധക്കേസില്‍ 3000 പേജ് കുറ്റപത്രം

ഹണിട്രാപില്‍പെടുത്താനുള്ള നീക്കം എതിര്‍ത്തതോടെയാണ് ഹോട്ടലുടമയും തിരൂര്‍ സ്വദേശിയുമായ സിദ്ദിഖിനെ പ്രതികള്‍ നിഷ്ഠൂരമായി കൊന്നതെന്ന് കുറ്റപത്രം. സിദ്ദിഖിന്റെ ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ മുഹമ്മദ് ഷിബിലും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയതെന്നും കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാലില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മൂവായിരം പേജുള്ള കുറ്റപത്രം. 187 സാക്ഷികള്‍, കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അടക്കം നൂറോളം തൊണ്ടി മുതല്‍. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സിദ്ദിഖ് വധക്കേസില്‍ മൂന്നുമാസം നീണ്ട പൊലീസ് അന്വേഷണം പൂര്‍ത്തിയായി. സിദ്ദിഖിനെ ഹണി ട്രാപില്‍ പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എതിര്‍ത്തപ്പോള്‍  ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നുമാണ് കണ്ടെത്തല്‍. കാറും ഒന്നരലക്ഷം രൂപയും പ്രതികൾ തട്ടിയടുത്തു. കൊലപാതകം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. തിരൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് നടക്കാവ് പൊലീസിന് കൈമാറിയിരുന്നു. 

മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സി സി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ കാണാതായതിന് പിന്നില്‍ ഷിബിലിനും  ഫര്‍ഹാനയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ചെന്നൈയിലേക്ക് കടന്ന ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിഷ്ഠൂരമായ കൊലപാതകത്തിന്റ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മെയ് 18ന് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ട്രോളിബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ തള്ളി. പിന്നെ പ്രതികള്‍ ചെന്നൈയിലേക്ക് കടന്നു. സിദ്ദിഖിന്റെ കാര്‍ പിന്നീട് ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

3000-page chargesheet filed in Siddique murder case