സ്വകാര്യ ചിത്രങ്ങള്‍ വച്ച് ഭീഷണി; അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്തു

അറുപതുകാരനെ ഹണിട്രാപ്പിൽ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. ബെംഗളൂരുവില്‍ ഏപ്രിൽ, മേയ് മാസങ്ങളിലായാണ് സംഭവം. സർക്കാർ സർവീസിൽനിന്നു വിരമിച്ച ശ്രീനഗർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭർത്താവ് ലോകേഷ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരന്‍റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്. യുവതികളുടെ അക്കൗണ്ടിലേക്ക് 82 ലക്ഷം രൂപ അയച്ചുനൽകിയെങ്കിലും വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. വയോധികന്‍റെ ഒരു സുഹൃത്താണ് പ്രതികളിലൊരാളായ റീനയെ പരാതിക്കാരന് പരിചയപ്പെടുത്തിയത്. റീനയുടെ അ‍ഞ്ച് വയസുള്ള മകന്‍ ക്യാന്‍സര്‍ ബാധിതനാണെന്നും ചികിത്സയ്ക്ക് പണം തന്നു സഹായിക്കണമെന്നുമായിരുന്നു അന്ന് റീന പരാതിക്കാരനോട് പറഞ്ഞിരുന്നത്. അന്ന് 5000 രൂപ കൈമാറിയിരുന്നു. പിന്നീട് പലപ്പോഴായി പല ആവശ്യങ്ങള്‍ക്കായി ഇങ്ങനെ പണം വാങ്ങിയെന്നും വയോധികന്‍ പൊലീസിന് മൊഴി നല്‍കി.

മേയ് ആദ്യ ആഴ്ച ഇലക്ട്രോണിക്‌സ് സിറ്റിക്കടുത്തുള്ള ഹൊസ്‌കുർ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന,  മുറിയില്‍ എത്തിയപ്പോള്‍ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. ആവശ്യം നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും പരാതിക്കാര്‍ പറയുന്നു. നിരവധി തവണ ഇത് ആവര്‍ത്തിച്ചു. ഇതിനു ശേഷമാണ് റീന, സുഹൃത്തായ സ്നേഹയെ പരിചയപ്പെടുത്തിയത്. ഇവരും പലകാരണങ്ങൾ പറഞ്ഞ് വയോധികനിൽനിന്നു പണം വാങ്ങാൻ തുടങ്ങി.

സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് റീന ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പിന്നീട് സ്‌നേഹയും വിഡിയോകൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 75 ലക്ഷം രൂപ ആവശ്യപ്പെട്ട് കുറച്ച് വിഡിയോകൾ സ്‌നേഹ വാട്‌സാപ്പിൽ അയച്ചു. പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് 82 ലക്ഷം രൂപ പിൻവലിച്ച് വയോധികന്‍ റീനയ്ക്കും സ്നേഹയ്ക്കും കൈമാറി. പണം തട്ടിയ വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ മകളെ പീഡിപ്പിക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. എന്നാൽ പിന്നീട് 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ അറുപതുകാരൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 25 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തു. 300 ഗ്രാമോളം സ്വർണാഭരണങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്നേഹയുടെ ഭര്‍ത്താവ് ലോകേഷിന്റെ സഹായത്തോടെയാണ് യുവതികൾ വയോധികനെ വലയിലാക്കിയിരുന്നത്. മടിക്കേരിയിലെ ഒരു എസ്റ്റേറ്റിൽ ജീവനക്കാരനാണ് ലോകേഷ്. ഇത്തരത്തിൽ നിരവധി പുരുഷന്മാരിൽനിന്ന് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് വിവരമെന്നും എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍  അന്വേഷിച്ചു വരികയാണ്.

60 Year old man who was honeytrapped and extorted of over Rs 82 lakh