12 വര്‍ഷം മുന്‍പ് കാണാതായ യുവതി സെപ്റ്റിക് ടാങ്കിലെന്ന് മൊഴി; അസ്ഥിക്കഷ്ണം പോലും ലഭിച്ചില്ല

തിരുവനന്തപുരം പാങ്ങോട് നിന്ന് പന്ത്രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ വീടിന് പിന്നിലെ സെപ്ടിക് ടാങ്കില്‍ കൊന്ന് കുഴിച്ചിട്ടതായി സംശയം. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്ടിക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. 

പാങ്ങോടിനടുത്ത് പഴവിളയില്‍ താമസിക്കുന്ന ഷാമിലയെ 2009ലാണ് അവസാനമായി ബന്ധുക്കളും നാട്ടുകാരും കണ്ടത്. തന്റെ രണ്ട് കുട്ടികളെയും സഹോദരിയുടെ വീട്ടിലേല്‍പിച്ചിട്ട് മലപ്പുറത്ത് ഹോം നഴ്സാകാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയതാണ്. പിന്നീടാരും കണ്ടിട്ടും കേട്ടിട്ടുമില്ല. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കി. ഷാമിലയെ സഹോദരന്‍ കൊന്ന് വീടിന് പിന്നിലെ സെപ്ടിക് ടാങ്കില്‍ ഒളിപ്പിച്ചതായി സംശയമുണ്ടെന്നായിരുന്നു പരാതി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ടാങ്ക് തുറന്ന് പരിശോധിച്ചത്. പക്ഷെ വിഫലമായിരുന്നു.

ഷാമിലയുടെ സഹോദരിയുടെ മൊഴിയായിരുന്നു അന്വേഷണം സെപ്ടിക് ടാങ്കിലേക്ക് നീളാന്‍ കാരണം. ഷാമിലയെ കൊന്ന് സെപ്ടിക് ടാങ്കിലൊളിപ്പിച്ചതായി സഹോദരന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. മദ്യപിച്ച് വന്ന ഒരു ദിവസം അറിയാതെ പറഞ്ഞ് പോയതാണെന്നും മൊഴിയിലുണ്ട്. പക്ഷെ സെപ്ടിക് ടാങ്ക് തുറന്നിട്ട് അസ്ഥിക്കഷ്ണം പോലും ലഭിക്കാതെ വന്നതോടെ ഈ മൊഴി കളവാണോയെന്ന് പൊലീസിന് സംശയമുണ്ട്.ഷാമിലയുടെ സഹോദരനും സഹോദരിയും തമ്മില്‍ ചില വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിന്റെ പകവീട്ടാനാണോ സഹോദരനെതിരെ വ്യാജമൊഴി നല്‍കിയതെന്നാണ് സംശയം. പക്ഷെ ഷാമില എവിടെയെന്ന ചോദ്യംഉത്തരമില്ലാതെ അവശേഷിക്കുകയാണ്. 

Statement that missing woman in Septic tank