സിപിഒമാരുടെ സംശയം; ക്യാമറയിൽ പതിഞ്ഞ കാർ; ലീവ് റദ്ദാക്കി എസ്ഐ; ചടുലനീക്കങ്ങൾ

തിരൂർ: പൊലീസ് ഉദ്യോഗസ്ഥരായ സനീഷ് കുമാറും അരുണും– രണ്ടു പേരുടെയും സംശയങ്ങളും കൃത്യമായ ഇടപെടലുകളും മൂലമാണു ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഇത്ര പെട്ടെന്നു തെളിയിക്കാൻ പൊലീസിനു സാധിച്ചത്. ഇരുവരും തിരൂർ പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്. കഴിഞ്ഞ ഞായറാഴ്ചയാണു സിദ്ദീഖിന്റെ മകൻ പിതാവിനെ കാണാനില്ലെന്നു പൊലീസിൽ അറിയിച്ചത്.

ഈ വിവരം അന്വേഷിക്കാൻ ഇൻസ്പെക്ടർ എം.ജെ.ജിജോ സനീഷിനെയും അരുണിനെയും ചുമതലപ്പെടുത്തി. ഇവർ സിദ്ദീഖിനെക്കുറിച്ച് അന്വേഷണം തുടങ്ങി. സിദ്ദീഖിന്റെ കാറിനെക്കുറിച്ചാണ് ഇവർ ആദ്യം അന്വേഷിച്ചത്. എഐ ക്യാമറ സംവിധാനത്തിലേക്കു കാറിന്റെ നമ്പർ നൽകി. പുലാമന്തോളിലെ ക്യാമറയിൽ ഈ കാർ പലവട്ടം പതിഞ്ഞത് ഇവർ മനസ്സിലാക്കി. കാറിലുണ്ടായിരുന്നതു സിദ്ദീഖല്ലെന്നതു ക്യാമറയിൽ വ്യക്തമായിരുന്നു. പ്രതികളുടെ ചിത്രവും ക്യാമറയിൽനിന്ന് വ്യക്തമായി.

ഇതിനിടെ 2 പേരും ചേർന്നു സിദ്ദീഖിന്റെ അക്കൗണ്ട് പരിശോധിച്ചു. ഇതിൽനിന്നു പണം നഷ്ടപ്പെട്ടതും മനസ്സിലാക്കി. ഇക്കാര്യം ഇവർ ഇൻസ്പെക്ടർ എം.ജെ.ജിജോയെ വിളിച്ചറിയിച്ചു. അദ്ദേഹം ലീവ് റദ്ദാക്കി തിരിച്ചെത്തി. തുടർന്നു സനീഷിന്റെയും അരുണിന്റെയും കണ്ടെത്തലുകളിൽനിന്ന് അന്വേഷണം തുടങ്ങി. കോൾ ലിസ്റ്റുകളിൽ നിന്നാണ് 3 പ്രതികളെയും കണ്ടെത്തിയത്. വൈകിയിരുന്നെങ്കിൽ ഷിബിലിയും ഫർഹാനയും അസമിലേക്കു രക്ഷപ്പെടുമായിരുന്നു.