മദ്യവിൽപന ശാലയ്ക്ക് നേരെ പെട്രോൾ ബോംബേറ്; ഒരാള്‍ മരിച്ചു

തമിഴ്നാട് ശിവഗംഗയിൽ  മദ്യവിൽപന ശാലയ്ക്ക് നോരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിൽപനശാല ജീവനക്കാരന്‍  അർജുനനാണ് മരിച്ചത്. കുടുംബം തകരാന്‍ കാരണം മദ്യപാനമാണെന്ന് ആക്രോശിച്ച് രാജേഷ് എന്ന യുവാവാണ് ഔട്ട്ലറ്റിലേയ്ക്ക് പെട്രോൾ ബോംബെറിഞ്ഞത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ശിവഗംഗ ജില്ലയിന്‍ പല്ലത്തുരുള്ള സര്‍ക്കാര്‍ ടാസ്മാക്ക് മദ്യവില്‍പ്പനശാലയിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. രാത്രിയിൽ ഔട്ട്ലറ്റ് അടച്ച ശേഷം കണക്കുകൾ നോക്കുകയായിരുന്നു ജീവനക്കാരനായ ഇളയൻകുടി സ്വദേശി  അർജുനന്‍. ഈ സമയം ഇവിടെ നിന്നും സ്ഥിരമായി മദ്യം വാങ്ങുന്ന പള്ളത്തൂർ സ്വദേശിയായ രാജേഷ് കടയ്ക്കു മുന്നിൽ എത്തി. തന്‍റെ  മദ്യപാനം മൂലം കുടുംബം നശിച്ചെന്നും അതിനാൽ ഈ വിൽപന ശാല ഇവിടെ വേണ്ടെന്നും ആക്രോശം, തുടര്‍ന്ന് കയ്യിൽ കരുതിയ പെട്രോൾ ബോംബ് കത്തിച്ച് കടക്കുള്ളിലേക്ക് എറിഞ്ഞു 

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അർജുനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. ആക്രമണത്തിനിടെ പൊള്ളലേറ്റ രാജേഷും ചികിത്സയിലാണ്. കാരക്കുടി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടത്തി. കടയിലുണ്ടായിരുന്ന 14,600 രൂപയുടെ മദ്യവും വില്‍പനയിലൂടെ ലഭിച്ച 76,880 രൂപയും കത്തി നശിച്ചെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട ടാസ്മാക്ക് ജീവനക്കാരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.