ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്ന കേസ്; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

പാലക്കാട് എലപ്പുള്ളിയിലെ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ റിപ്പോർട്ടർ അറസ്റ്റില്‍. കൊല്ലങ്കോട് ആലമ്പള്ളം സ്വദേശി സെയ്ദ് മുഹമ്മദ് ആഷികിനെയാണ് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. ഗൂഢാലോചനയില്‍ പങ്കാളിയായതിനൊപ്പം കൊലപാതക ദൃശ്യം പകര്‍ത്താന്‍ പ്രേരിപ്പിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കൊലപാതകം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായി. കൊലപാതകം നടപ്പാക്കിയ ശേഷം സ്ഥലത്തെ ദൃശ്യങ്ങൾ എടുക്കാൻ കേസിലെ എട്ടാം പ്രതി നൗഫലിനെ ചുമതലപ്പെടുത്തിയതും ആഷികാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നു മാറി നിന്നിരുന്ന പ്രതിയെ എഎസ്പി എ.ഷാഹുൽഹമീദിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. അന്വേഷണസംഘത്തെ കണ്ടതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആഷികിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊലപാതകത്തിൽ ഇതുവരെ ഇരുപത്തി നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ പതിനഞ്ചുപേര്‍ അറസ്റ്റിലായി. പതിമൂന്നുപേര്‍ക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 നവംബർ 15നാണ് കിണാശ്ശേരി മമ്പ്രറത്തുവച്ചു കാറിലെത്തിയ അക്രമി സംഘം സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊത്ത് ബൈക്കിൽ വരുന്നതിനിടെയായിരുന്നു ആക്രമണം. വെട്ടേറ്റു വീണ സഞ്ജിത്തിനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷയിൽ കയറ്റുന്നതുവരെയുള്ള ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും പ്രതികളിലൊരാളി‍ൽ നിന്നു കണ്ടെത്തിയിരുന്നു.