മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചു; പിതാവിന് 107 വർഷം കഠിന തടവും പിഴയും

rape-1
SHARE

മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് കുമ്പഴ സ്വദേശിയെയാണ് (45) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 വർഷം അധിക തടവ് അനുഭവിക്കണമെന്നും കേസ് പരിഗണിച്ച ജഡ്ജി ജയകുമാർ ജോൺ വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിന തടവാണ് വിധിച്ചതെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇതനുസരിച്ച് ശിക്ഷാകാലാവധി 67 വർഷമായിരിക്കും. 

2020ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പിതാവിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അമ്മ വേർപിരിഞ്ഞാണ് താമസം. പെൺകുട്ടി അതിനിഷ്ഠൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. പീഡനത്തെ തുടർന്ന് അയൽവീട്ടിൽ അഭയം തേടിയ പെൺകുട്ടി അടുത്തദിവസം സ്കൂളിലെത്തി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്ന് പൊലീസ് കേസെടുത്തു. പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എസ്.ന്യൂമാൻ അന്വേഷണം നടത്തുകയും ജി.സുനിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

MORE IN Kuttapathram
SHOW MORE