തലശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

thalassery-crime-branch
SHARE

കണ്ണൂർ തലശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച്  അന്വേഷിക്കും. എസിപി കെ.വി. ബാബുവിനാണ് അന്വേഷണ ചുമതല. കൊലപാതകത്തിൽ ലഹരി സംഘത്തിന്റെ പ്രവർത്തനമടക്കം അന്വേഷിക്കാനാണ് കേസ്  ക്രൈംബ്രാഞ്ചിലേക്ക് വിട്ടത്. വിഡിയോ റിപ്പോർട്ട് കാണാം. 

ലഹരി വിൽപന ചോദ്യം ചെയ്ത പകയിൽ കഴിഞ്ഞ 23 നായിരുന്നു സിപിഎം അംഗം ഷമീർ, ബന്ധുവായ ഖാലിദ് എന്നിവരെ അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബീൽ പ്രദേശത്തെ ലഹരി  വിൽപനയും ഉപയോഗവും ചോദ്യം  ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കേസിലെ രണ്ടാം പ്രതി ജാക്സ്ന്റെ വാഹനത്തിൽ ലഹരി വസ്തുക്കളുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയതും പകയ്ക്ക് കാരണമായി. ഇതിനിടെ ജാക്സനും സംഘവും ഷബീലിനെ മർദ്ദിച്ചു. പരുക്കേറ്റ ഷബീൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കേസ് കൊടുക്കാതെ വിഷയം സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞാണ് ജാക്സനും കേസിലെ മുഖ്യപ്രതി പാറായി ബാബുവും ഷബീലിനൊപ്പം ഉണ്ടായിരുന്ന  ഷമീറിനെയും ഖാലിദിനെയും  ആശുപത്രിയുടെ പുറത്തേക്ക് വിളിച്ചു വരുത്തിയത്. ഇതിനു ശേഷം നടന്ന വാക്കുതർക്കത്തിനിടെ പാറായി ബാബു രണ്ടു പേരെയും കുത്തി കൊല്ലുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ  തന്നെ തലശേരി പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയിരുന്നു. എന്നാൽ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതികളുടെ   ലഹരി ഇടപാടുകളടക്കം വിശദമായി അന്വേഷിക്കാനാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഏഴ് പ്രതികളെയും നാളെ ഉച്ചവരെ തലശേരി കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.

MORE IN Kuttapathram
SHOW MORE