ഒരു കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങി; പരാതിയുമായി ജീവനക്കാരി

കൊച്ചിയില്‍ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ മുങ്ങിതോടെ പരാതിയുമായി ജീവനക്കാരി. ആദ്യം പൊലീസിനെ സമീപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കോടതിയുത്തരവിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച കേസില്‍ പ്രതി വിദേശത്തായതിനാല്‍ അന്വേഷണം ഇഴയുകയാണ്. കൊച്ചി വെണ്ണലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൈത്ര കമ്മോഡിറ്റീസ് ഫ്രാഞ്ചൈസി സി.ഇ.ഒ ഷംസുദീനെതിരെയാണ് പരാതി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ടെലക്സോണിയയാണ് പരാതിക്കാരി. ഷംസുദീന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളെയും അയല്‍ക്കാരെയും ഓഹരി വ്യാപാരത്തില്‍ ചേര്‍ത്തു. സ്വന്തം വീട്ടില്‍നിന്നും നിക്ഷേപം നടത്തി. രണ്ട് തവണയായി 96 ലക്ഷം രൂപയുടെ നിക്ഷേപം. വാങ്ങിയ ഷെയറുകളുടെ മൂല്യം ഇടിയുകയും സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന് സന്ദേശം ലഭിക്കുകയും ചെയ്തതോടെ നിക്ഷേപകര്‍ പരിഭ്രാന്തരായി. 

നിരന്തര ആവശ്യത്തിനൊടുവില്‍ ഷംസുദീന്‍ എല്ലാവര്‍ക്കും ചെക്ക് നല്‍കി. പക്ഷേ പണമുണ്ടായിരുന്നില്ല. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കമ്പനി ഉടമ വിദേശത്തെത്തിയ വിവരം പുറത്തറിയുന്നത്. വിദഗ്ധമായ തട്ടിപ്പാണ് ഷംസുദീന്‍ നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാങ്ക് രേഖകളടക്കം വിശദമായി പരിശോധിച്ചശേഷമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.

Investment fraud case by Maitra Commodities