അർധരാത്രിയിൽ എയർഗൺ പൂജ; അറുക്കാൻ കോഴി, കോടാലി, മടക്കുകത്തി; ദുരൂഹത

varavoor-blackmagic
SHARE

വരവൂർ: അർധരാത്രിയിൽ ആളൊഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ പൂജകൾ നടക്കുന്നെന്ന വിവരമറിഞ്ഞു പൊലീസ് എത്തിയപ്പോൾ കണ്ടത് എയർ ഗൺ പൂജ ! ഹോമകുണ്ഡത്തിനരികിൽ എയർ ഗണ്ണിനു പുറമെ കോടാലി, വെട്ടരിവാൾ, മടക്കുകത്തി തുടങ്ങി പത്തോളം ആയുധങ്ങളും ജീവനുള്ള കോഴിയും. സ്ഥലം ഉടമയായ പൂജാരിയെയും സഹായ‍ിയെയും പൊലീസ് പിടികൂടി. എന്നാൽ, നാട്ടുകാർ ചേർന്നു പൂജ മുടക്കിയെന്നാരോപിച്ചു പൂജാരി നാട്ടുകാർക്കെതിരെ പൊലീസിനു പരാതി നൽകി. 

രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണു സംഭവം. പറമ്പിൽ നിന്നു തീയും പുകയും കണ്ടതോടെ സമീപവാസികളിൽ ചിലർ ഇവിടെയെത്തി നോക്കി. അജ്ഞാതരായ ചിലർ ഹോമകുണ്ഡമൊരുക്കി പൂജ നടത്തുന്നതാണ് കണ്ടത്. കോഴിയെ അറുത്ത് പൂജ ചെയ്യാനുള്ള ശ്രമമാണെന്നു തോന്നിയതോടെ നാട്ടുകാർ എരുമപ്പെട്ടി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുള്ളൂർക്കര സ്വദേശിയായ പൂജാരി സതീശനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. 

താൻ അടുത്തിടെ വാങ്ങിയ പറമ്പാണിതെന്നും ചില ദോഷങ്ങളുള്ളതു പരിഹരിക്കാനാണു പൂജയെന്നും താൻ ജ്യോതിഷി കൂടിയാണെന്നും ഇദ്ദേഹം പൊലീസിനോടു പറഞ്ഞു. പൂജയ്ക്കു വച്ചിരുന്ന ആയുധങ്ങൾ, ഇവരെത്തിയ കാർ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും രാത്രിയോടെ വിട്ടയച്ചു. കേസെടുത്തിട്ടില്ലെന്നാണു വിവരം. എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സതീശന്റെ മൊഴിയെടുത്തിട്ടുണ്ട്. എന്തുതരം പൂജയാണു നടന്നതെന്നും ആയുധങ്ങൾ പൂജ വച്ചതെന്തിനെന്നും അന്വേഷിക്കും. 

Air gun pooja at midnight; Chicken for slaughter, ax, folding knife; 

MORE IN Kuttapathram
SHOW MORE