500 കേസുകളിൽ പ്രതി; പിടികിട്ടാപ്പുള്ളി ‘കാമാക്ഷി എസ്.ഐ’ പിടിയിൽ

notorious-criminal-kamakshi
SHARE

ബുള്ളറ്റ് ബൈക്ക് മോഷണ പരമ്പരയിലെ പ്രതി  കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്.ഐ പിടിയിൽ. കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന വലിയപറമ്പിൽ ബിജുവിനെ കട്ടപ്പന ഡി.വൈ.എസ്.പി.യുടെ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന വ്യാപകമായി അഞ്ഞൂറിലധികം കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ച് ബുള്ളറ്റുകൾ മോഷണം പോയിരുന്നു. മോഷ്ടിച്ച രണ്ട് ബൈക്കുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്നാണ് കാമാക്ഷി ബിജുവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ബൈക്കുകൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ  കൊണ്ടുപോയി വിൽക്കുന്നതാണ് രീതി. 

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഭവനഭേദനവും വാഹന മോഷണവുമായി 500 കേസുകളിൽ പ്രതിയായ ബിജു 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ആഡംബര വാഹനങ്ങളും വസ്തുക്കളും വാങ്ങിക്കൂട്ടുകയാണ് പതിവ്.  കാമാക്ഷിയിൽ എസ്.ഐ.വേഷം കെട്ടി നിന്ന് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് പിടിയിലായതോടെയാണ് ബിജുവിന് കാമാക്ഷി എസ്.ഐ.എന്ന പേര് ലഭിച്ചത്. മോഷണത്തിന് ശേഷം തന്നെ പിടിക്കാനെത്തുന്ന പൊലീസിനെ ബിജു ആക്രമിക്കുന്നത് പതിവാണ്. പൊലീസിനെ ആക്രമിച്ചതിന് മൂന്ന് കേസുകൾ പ്രതിക്കെതിരെയുണ്ട്. നായ്ക്കളെ അഴിച്ച് വിട്ടിരുന്ന കാമാക്ഷിയിലെ വീട്ടിൽനിന്ന് പൊലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്.  വിവിധ കോടതികൾ ബിജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Notorious criminal Kamakshi Biju arrested

MORE IN Kuttapathram
SHOW MORE