പീഡനാരോപണത്തിന് പിന്നാലെ മഠാധിപതി തൂങ്ങിമരിച്ച നിലയില്‍

seer-found-hanging-dead-at-
SHARE

ലൈംഗിക പീഡന ആക്ഷേപമുയര്‍ന്നതിനു പിന്നാലെ കര്‍ണാടകയില്‍ ലിംഗായത്തു മഠാധിപതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബെളഗാവിയിലെ ഗുരു മഡിവാലേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ മുരുക മഠാധിപതി ശിവമൂർത്തി ശരണരു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിനു പിറകെ മഠങ്ങളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള ഫോണ്‍സംഭാഷണം പുറത്തായിരുന്നു. ഈ സംഭാഷണത്തില്‍  ബസവ സിദ്ധലിംഗയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. 

ചിത്രദുര്‍ഗയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ പോക്സോ വകുപ്പുകള്‍ ചുമത്തി മൈസുരു പൊലീസ് അറസ്റ്റ് ചെയ്തതിനു പിറകെ ലിംഗായത്തു സമുദായത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു മഠാധിപതി സ്വയം ജീവനൊടുക്കിയത്. മുരുഗ ശരണവിന്റെ അറസ്റ്റിനു തൊട്ടുപിറകെ രണ്ടു സ്ത്രീകള്‍‌ തമ്മില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. പല മഠങ്ങളിലും ഇത്തരം ലൈംഗിക ചൂഷണമുണ്ടെന്നു പറയുന്ന  സംഭാഷണത്തില്‍ പേരുപരാമര്‍ശിക്കപ്പെട്ടതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ബസവ സിദ്ധലിംഗ. ഇന്നലെ രാവിലെ സഹായി മഠത്തിലെ മുറിയിലെത്തിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു വിശദീകരിക്കുന്ന കുറിപ്പ് മുറിയില്‍ നിന്നു കണ്ടെടുത്തു. ബെളഗാവി പൊലീസ് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. മരണ വിവരം പുറത്തുവന്നതോടെ ലിംഗായത്ത് വിശ്വാസികള്‍ മഠത്തിനു മുന്നില്‍ പ്രതിഷേധിച്ചു. മഠാധിപന്‍മാരെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ചിത്രദുർഗ്ഗയിലെ മുരുക മഠാധിപതി ശിവമൂർത്തി ശരണരുവിനെ ജയിലിലടച്ചു. കസ്റ്റഡി കാലവധി തീര്‍ന്നതിനെ തുടര്‍ന്നു പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് അയക്കുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE