'സൂര്യപ്രിയയുടെ മരണം കഴുത്ത് ഞെരിച്ച്'; കൊല പ്രണയത്തിൽ നിന്ന് പിന്മാറിയതിലെന്ന് മൊഴി

suryapriya-10
SHARE

പാലക്കാട് ചിറ്റിലഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സൂര്യപ്രിയയുടെ മരണം കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വര്‍ഷമായി തുടരുന്ന പ്രണയത്തില്‍ നിന്ന് സൂര്യപ്രിയ പിന്‍മാറാന്‍ തുടങ്ങിയതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതി സുജീഷ് പൊലീസിന് മൊഴി നല്‍കി. സൂര്യപ്രിയയുടെ മൊബൈലില്‍ കണ്ട യുവാവിന്റെ 

ഫോട്ടോയെച്ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ആറ് വര്‍ഷമായി സൂര്യപ്രിയയും സുജീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ സൂര്യപ്രിയ സൗഹൃദം തുടരാനാവില്ലെന്ന് സുജീഷിനെ അറിയിച്ചു. ഇതിലുള്ള പ്രകോപനമാണ് കൊലയില്‍ കലാശിച്ചത്. തര്‍ക്കം പറ‍ഞ്ഞ് തീര്‍ക്കാനെന്നറിയിച്ചാണ് സുജീഷ് കഴിഞ്ഞദിവസം സൂര്യപ്രിയയുെട കോന്നല്ലൂരിലെ വീട്ടിലെത്തിയത്. പിന്നാലെ മൊബൈല്‍ പിടിച്ചുവാങ്ങി പരിശോധിച്ചു. മറ്റൊരു യുവാവിനൊപ്പമുള്ള ഫോട്ടോയെക്കുറിച്ചുള്ള സംശയത്തില്‍ സുജീഷ് പ്രകോപിതനായി. പിടിവലിക്കിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി സൂര്യപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുജീഷ് പൊലീസിന് നല്‍കിയ മൊഴി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലും കഴുത്ത് മുറുകിയതാണ് മരണകാരണമായി തെളിഞ്ഞത്. രണ്ടരയോടെയാണ് സൂര്യപ്രിയയുടെ മൃതദേഹം കോന്നല്ലൂരിലെ വീട്ടിലെത്തിച്ചത്. 

ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസ്ക്കരിച്ചു. സൂര്യപ്രിയയെ കൊലപ്പെടുത്തിയ സുജീഷിനെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. അടുത്തദിവസം സുജീഷിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും കൊലപാതകം നടന്ന സൂര്യപ്രിയയുെട വീട്ടിലെത്തിച്ച് തെളിവെടുക്കുക. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം സുജീഷ് നേരിട്ട് ആലത്തൂര്‍ സ്റ്റേഷനിലെത്തി കുറ്റമേല്‍ക്കുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE