ബജി മുളകിൽ ഒളിപ്പിച്ച് എസി കംപാര്‍ട്ട്മെന്റിൽ കറുപ്പ് കടത്തി; യുവാവ് പിടിയിൽ

opium-case-02
SHARE

ബജി മുളകുകൾക്കിടയിൽ ട്രെയിന്‍ മാര്‍ഗം ഒളിപ്പിച്ച് കടത്തിയ ഏഴര ലക്ഷം രൂപയുടെ മാരക ലഹരിയായ കറുപ്പ് പിടികൂടി. 75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി നരൂർ റാമിനെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പാലക്കാട് ഒലവക്കോട് പിടികൂടിയത്. പരിശോധന ഒഴിവാക്കാൻ സെക്കൻഡ് എസി കംപാര്‍ട്ട്മെന്റിലായിരുന്നു രാജസ്ഥാനിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യുവാവിന്റെ യാത്ര.

വെറും മുളക് അല്ല. സാക്ഷാൽ ജോധ്പൂർ ബജി മുളക്. നരൂർ റാമിന്റെ ഭാഷയിൽ ദേശി മിർച്ചി. കടലമാവ് ചേർത്ത് നെയ്യിൽ കുഴച്ച് എണ്ണയിൽ പൊള്ളിച്ചെടുത്താൽ നല്ല സ്വാദുള്ള പലഹാരമാകും. ഈ എരിവിനൊപ്പം ലഹരി കൂടി മുറുകാനാണ് പച്ചക്കറിക്കുള്ളിൽ കറുപ്പ് കടത്തിയത്. അമരയ്ക്കയും വെള്ളരിയുമെല്ലാം സമാസമം കരുതി സുരക്ഷിത യാത്ര തരപ്പെടുത്തി. ആര്‍ക്കും സംശയം തോന്നാത്ത മട്ടില്‍ സെക്കന്‍ഡ് ക്ലാസ് എ.സി കംപാര്‍ട്ട്മെന്റിലെ യാത്രയും. ഒലവക്കോടെത്തും വരെ നരൂര്‍ റാമിന്റെ കണക്കുകൂട്ടലെല്ലാം കിറുകൃത്യം. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സിന്റെ പരിശോധന കണ്ടതോടെ അങ്കലാപ്പിലായി. ബോഗിയില്‍ നിന്നിറങ്ങി പ്ലാറ്റ്്്ഫോമിലേക്ക് നടന്ന നരൂര്‍ റാമിനെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

കോയമ്പത്തൂരില്‍ മരപ്പണിക്കാരനായ നരൂര്‍ റാം തന്റെ കൂടെ ജോലി ചെയ്യുന്നയാളിന്റെ നിര്‍ദേശം പാലിച്ച് കറുപ്പ് കടത്തുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. ജോധ്പൂരില്‍ നിന്ന് കവര്‍ വാങ്ങി കോയമ്പത്തൂരില്‍ എത്തിക്കുക മാത്രമായിരുന്നു ഉത്തരവാദിത്തം. യുവാവ് സമാന രീതിയില്‍ നേരത്തെയും ലഹരി കടത്തിയിട്ടുണ്ടോ എന്ന കാര്യം എക്സൈസ് പ്രത്യേകം പരിശോധിക്കും. ഇരുപത്തി അഞ്ച് ഗ്രാമില്‍ കൂടുതല്‍ അളവില്‍ കറുപ്പ് കൈവശം വച്ചാല്‍ പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

MORE IN Kuttapathram
SHOW MORE