കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് രണ്ടേമുക്കാൽ കിലോ സ്വർണ്ണം

കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിൻ്റെ വന്‍ സ്വര്‍ണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന്  ഒന്നര കോടി രൂപയുടെ  രണ്ടേമുക്കാല്‍ കിലോ  സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസ് സ്വർണം പിടികൂടിയത്. 

ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍  എത്തിയ  ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് അബ്ദുൽ ജലീലിനെ വലയിലാക്കുകയായിരുന്നു.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും 774 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. വിമാനം ഇറങ്ങിയ ശേഷം ടാക്സി വാഹനത്തിൽ തൊണ്ടയാട് വരെ എത്താനാണ് അബ്ദുൽ സലാമിന് സ്വർണ്ണക്കടത്തുസംഘം നിർദേശം നൽകിയിരുന്നത്.

കോഴിക്കോട്ടേക്ക് ടക്സിയിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പൊലീസ് സംഘം പിടികൂടിയത്. 2 മാസത്തിനിടെ 30 കേസുകളിലായി കരിപ്പൂരിൽ  14 കോടിയുടെ സ്വർണ്ണമാണ് പൊലീസ് പിടിച്ചത്.