അഗത്തിക്ക് സമീപം വൻ ലഹരി വേട്ട; 1526 കോടിയുടെ ഹെറോയിൻ പിടികൂടി

kochi-heroine
SHARE

കൊച്ചിയുടെ പുറംകടലിൽ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ ലഹരി വേട്ട . രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിൻ പിടികൂടി. ഡി.ആർ.ഐയും , തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയപരിശോധനയിലാണ് രണ്ട് മൽസ്യബന്ധന ബോട്ടുകളിൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ രണ്ടാമത്തെ ഹെറോയിന്‍ വേട്ടയാണിത്.

തമിഴ്നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ അറബിക്കടലില്‍വച്ച് മേയ് മാസത്തില്‍ വന്‍ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിന് ഓപ്പറേഷന്‍ ഖോജ്ബീന്‍ എന്ന പേരില്‍ തീരസംരക്ഷണ സേനയും, ഡി.ആര്‍.ഐയും സംയുക്ത നീക്കം തുടങ്ങി. ഇതിനൊടുവിലാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തുനിന്ന്  ബുധനാഴ്ച പിടികൂടിയത്. ജീവനക്കാരെ ചോദ്യം ചെയ്തതോടെ ഹെറോയിന്‍ ബോട്ടിലുണ്ടെന്ന് ഉറപ്പായി. തമിഴരും മലയാളികളുമടക്കം ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടുകളും ഹെറോയിനും ഫോർട്ടുകൊച്ചിയിലെ തീരസംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധിച്ചു. ഒരു കിലോവീതമുള്ള പായ്ക്കറ്റുകളിലാക്കിയ 218 കിലോ ഹെറോയിന്‍ ചാക്കില്‍ക്കെട്ടിയാണ് ബോട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ പാകിസ്ഥാനിൽനിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ പറഞ്ഞു. കപ്പലിൽ പുറംകടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന. പിടിയിലായവരിൽ ഏറെയും കന്യാകുമാരി സ്വദേശികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇപ്പോള്‍ പിടിയിലായത് അടക്കം 881 കിലോ ഹെറോയിനാണ് രാജ്യത്തെ നാല് കേന്ദ്രങ്ങളില്‍നിന്ന് ഡി.ആര്‍.ഐ പിടിച്ചേത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 2500 കോടിരൂപ മൂല്യമുണ്ട്.

MORE IN Kuttapathram
SHOW MORE