ജല്ലിക്കെട്ടിനിടെ കാളകള്‍ക്കുനേരെ ആക്രമണം; വടിയുപയോഗിച്ച് ആക്രമിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്നാട് മധുരയില്‍ ജല്ലിക്കെട്ടിനിടെ കാളകള്‍ക്കു നേരെ ക്രൂര ആക്രമണം. നീളന്‍ വടിയുപയോഗിച്ചു കാളകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഒരാള്‍ അറസ്റ്റിലായി. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പാരസ്പര്യത്തിന്റെ പ്രതീകമായാണു ജല്ലിക്കെട്ട് നടത്തുന്നത്. പൊന്നുപോലെ നോക്കുന്ന കാളകള്‍ക്കാണ് ജല്ലിക്കെട്ട് വേദികളില്‍ മനുഷ്യരേക്കാള്‍ വില. അതുകൊണ്ടാണ് ഈദൃശ്യങ്ങള്‍ തമിഴകത്തിന്റെ വേദനയാകുന്നത്.കഴിഞ്ഞ ശനിയാഴ്ച മധുര പാലമേട്  നടന്ന ജല്ലിക്കെട്ടിനിടെയാണു ആക്രമണമുണ്ടായത്. ദൃശ്യങ്ങള്‍ വൈറലായതിനു പിറകെ പാലമേട് ജല്ലിക്കെട്ട് സംഘാടക സമിതി മധുര എസ്.പിക്കു പരാതി നല്‍കി.  

തുടര്‍ന്ന് മല്‍സരാര്‍ഥിയായിരുന്ന മധുര കീല ചിന്നപ്പപ്പെട്ടി സ്വദേശി പി.പവന്‍ അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം ചുമത്തിയാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളെ കുറിച്ചു പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. പവനും മറ്റു കാളയുടമകളും മല്‍സര ഊഴത്തിനായി വാടിവാസലിനു മുന്നില്‍ വരി നില്‍ക്കുകയായിരുന്നു. ഈസമയം മറ്റൊരു കാള പവന്റെ കാളയെ പിന്നില്‍ നിന്നു കുത്തി. ഇതില്‍ പ്രകോപിതനായിട്ടായിരുന്നു കയ്യില്‍ കിട്ടിയ പടിയുപയോഗിച്ച് സമീപത്തുണ്ടായിരുന്ന കാളകളെ പൊതിരെ തല്ലിയത്. ഇയാളുടെ കാള പിന്നീട് മല്‍സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണു സംഘാടകള്‍ പരാതി നല്‍കിയത്.