25 ലക്ഷം സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ചു; യുവാവിനെ കബളിപ്പിച്ച് 80 ലക്ഷം തട്ടി

online-fraud-4
SHARE

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വീണ്ടും വ്യാപകമാകുന്നു. സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ആലുവയിൽ യുവാവിൽ നിന്ന് എൺപതുലക്ഷം രൂപ തട്ടിയെടുത്തു. ഇരുപത്തിയഞ്ച് ലക്ഷം സമ്മാനം ലഭിച്ചെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് ഇത്രയും വലിയ തുക നഷ്ടപ്പെടുത്തിയത്. അടിച്ചു മോനെ ലോട്ടറിയെന്ന് ആരു പറഞ്ഞാലും അതിന് പിന്നാലെ പായുന്ന മലയാളി വീണ്ടും വീണ്ടും തട്ടിപ്പിന് ഇരയാവുകയാണ്. ഓൺലൈൻ വ്യാപാരസൈറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്  സമ്മാനമെന്ന അഭിനന്ദന സന്ദേശത്തോടെയാണ് ആലുവയിലെ യുവാവിന് തപാലിൽ കാർഡെത്തിയത്. ചുരണ്ടി നോക്കിയപ്പോൾ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു. രണ്ടായിരം രൂപ പ്രോസസിങ് ചാർജിൽ തുടങ്ങി എൺപതു ലക്ഷത്തിലേറെ രൂപ യുവാവ് 25 ലക്ഷം രൂപ സമ്മാനമായി കിട്ടാൻ വേണ്ടി മുടക്കി. 

ഓരോ പ്രാവശ്യം പണം മുടക്കുമ്പോഴും മുടക്കുന്ന പണംകൂടിച്ചേർത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം വാഗ്ദാനം നൽകി. ഇതിൽ കുടങ്ങിയാണ് ഇദ്ദേഹം പണം മുടക്കിയത്. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പരാതി നൽകി. ഇത്തരം വ്യാജ പ്രലോഭനങ്ങളിൽ വീഴരുതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് മുന്നറിയിപ്പു നൽകി. ഓൺലൈൻ ആയി ലോൺ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും,  ബാങ്ക് അക്കൗണ്ട്, കാർഡ് എന്നിവ ബ്ലോക്കായി എന്നു പറഞ്ഞോ, ക്രഡിറ്റ് ലിമിറ്റ് കൂടിത്തരാമെന്നു വാഗ്ദാനം ചെയ്തോ ബാങ്കിൽ നിന്നാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ഒ.ടി.പി വാങ്ങിയുള്ള ഓൺലൈൻ തട്ടിപ്പും സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചുള്ള ബ്ലാക്ക് മെയിലിങ്ങും വ്യാപകമാവുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിച്ചില്ലെങ്കിൽ വൻ നഷ്ടം സംഭവിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

MORE IN Kuttapathram
SHOW MORE