ലഹരിമരുന്നുമായി ചെക്പോസ്റ്റ് കടന്നു; പ്രതികളെ പിൻതുടർന്ന് പിടികൂടി

mdma-arrest-3
SHARE

രണ്ടര ഗ്രാം എം.ഡി.എം.എ.യുമായി യുവതിയടക്കം തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി. കുമളി ചെക്പോസ്റ്റിൽ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് എക്സൈസ് പ്രതികളെ പിടികൂടിയത്. 100 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം . കവടിയാർ സ്വദേശികളായ വി.എസ് വിജിൻ, കിരൺ കുടപ്പനക്കുന്ന് സ്വദേശി നിധീഷ്, കുറവൻകോണം സ്വദേശി പ്രശോഭ് പ്രേം, വലിയതുറ സ്വദേശി ഡൈന എന്നിവരാണ് എക്സൈസ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന കാർ അതിർത്തി ചെക്പോസ്റ്റിൽ വെച്ച് പരിശോധനക്കായി കൈകാണിച്ചുവെങ്കിലും വാഹനം നിർത്താതെ പോയി. ഇതേ തുടർന്ന് മറ്റൊരു വാഹനത്തിൽ എക്സൈസ് സംഘം കാറിനെ പിന്തുടർന്നു. കെ.കെ റോഡിൽ അറുപത്തി മൂന്നാം മൈലിൽ എത്തിയ കാർ ഇവിടുത്തെ പെട്രോൾ പമ്പിനുള്ളിലേക്ക് കയറ്റി. നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിലെ തറയിലിടിച്ച് കാറിന്റെ ടയർ പൊട്ടി. ഇവിടെ നിന്നും അപകടകരമായ രീതിയിൽ ഓടിച്ചുപോയ കാറിനു മുമ്പിൽ ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന വാഹനം വിലങ്ങി തടഞ്ഞു നിർത്തിയാണ് പ്രതികളെ പിടികൂടിയത്. 

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും, നൂറു ഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായവർ തിരുവനന്തപുരത്തെ ഉന്നതരുടെ മക്കളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഹൃത്തുക്കളായ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. എംഡിഎംഎയും കഞ്ചാവും ബാംഗ്ലൂരിൽ നിന്നുമാണ് വാങ്ങിയതെന്നും ഇവർ മൊഴിനൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE