3 ദിവസം, 12 മോഷണം, പിന്നിൽ ഒരാൾ; അടിവസ്ത്രം ധരിച്ച് നടന്നുപോകുന്ന ദൃശ്യം സിസിടിവിയിൽ

ഒരേ പ്രദേശത്തു തുടർച്ചയായ 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ നടത്തിയ മോഷ്ടാവിനെ പിടികൂടാൻ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പത്തംഗ സ്ക്വാഡ് രൂപീകരിച്ചു. കായംകുളം, കരീലക്കുളങ്ങര സിഐമാരും 7 പൊലീസുകാരും സ്ക്വാഡിൽ അംഗങ്ങളാണ്.  രണ്ടാഴ്ച മുൻപ് എരുവ പത്തിയൂർ പ്രദേശത്താണ് തുടർച്ചയായ ദിവസങ്ങളിൽ മോഷണം നടന്നത്. വിവിധ വീടുകളിൽ നിന്നായി 60,000 രൂപയും 3 പവന്റെ ആഭരണവും ഇയാൾ മോഷ്ടിച്ചു.

പത്തിയൂർ ലവൽ ക്രോസിനു സമീപം ലൈല ഹോട്ടലിൽ നിന്നു 43,000 രൂപയാണു കവർന്നത്. എരുവ കോയിക്കൽപ്പടിക്കൽ ജംക്‌ഷനു പടിഞ്ഞാറ് വരോണിൽ വീടിനോടു ചേർന്ന കട കുത്തിത്തുറന്ന് 10,000 രൂപ മോഷ്ടിച്ചു. എരുവ ജംക്‌ഷനിൽ ചായക്കട നടത്തുന്ന അയ്യപ്പന്റെ വീട്ടിൽക്കയറി സ്വർണമാലയുടെ പകുതിഭാഗം പൊട്ടിച്ചെടുത്തു. പത്തിയൂർ ചിറ്റാങ്കരി ലവൽ ക്രോസിനു സമീപം തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽക്കയറി 5000 രൂപയും പത്തിയൂർ കശുവണ്ടി ഫാക്ടറിക്കു സമീപത്തെ വീട്ടിൽനിന്നു 3500 രൂപയും കവർന്നു. 

ഇതേ മോഷ്ടാവ് തന്നെ കരുവാറ്റയിൽ വീട്ടിൽക്കയറി സ്ത്രീയുടെ മാല പൊട്ടിച്ചതായും പൊലീസ് സ്ഥിരീകരിക്കുന്നു. 4 വീടുകളിൽ മോഷണശ്രമമുണ്ടായി. എരുവ, പത്തിയൂർ പ്രദേശത്തെ സിസിടിവികളിൽ, പാതിരാത്രി അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യം പതി‍ഞ്ഞിട്ടുണ്ട്. റെയിൽവേ ട്രാക്ക് വഴിയെത്തി മോഷണം നടത്തി മടങ്ങുന്നയാളാണോ എന്നും അന്വേഷിക്കുന്നുണ്ട്.