ആദ്യം ആഢംബരം, പിന്നെ പ്രാരാബ്ധം; കഞ്ചാവ് കടത്തിലെ പതിവ് രീതി

ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന ഏഴരക്കിലോ കഞ്ചാവുമായി പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ എടക്കര സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് സ്ക്വാഡ് പിടികൂടിയത്. നിരവധി തവണ കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയ സ്വാലിഹ് വിമാനമാര്‍ഗം വിശാഖപട്ടണത്ത് എത്തിയാണ് എല്ലാത്തവണയും കഞ്ചാവ് ശേഖരിച്ചിരുന്നത്. 

നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗം വിശാഖപട്ടണത്തേക്ക്. വിലകൂടിയ മൊബൈലും, കണ്ണടയും കരുതി ന്യൂജെന്‍ വസ്ത്രധാരണവുമായി ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ യാത്ര. വിശാഖപട്ടണത്ത് എത്തി പതിവുകാരില്‍ നിന്ന് കഞ്ചാവ് വാങ്ങിയാല്‍പ്പിന്നെ വിലകൂടിയതെല്ലാം ബാഗിലൊളിപ്പിച്ച് പ്രാരാബ്ധക്കാരനാകും. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റില്‍ വിദ്യാര്‍ഥിയെപ്പോലെ മടക്കം. കഴിഞ്ഞ കുറച്ച് നാളുകളായി മുഹമ്മദ് സ്വാലിഹിന്റെ രീതി ഇതായിരുന്നു. കഞ്ചാവ് മലപ്പുറത്തെ വിവിധയിടങ്ങളിലെത്തിച്ച് പതിവുകാര്‍ക്ക് നല്‍കുമ്പോള്‍ വീണ്ടും വിലകൂടിയതെല്ലാം വാങ്ങുന്നതിനുള്ള പണം സ്വന്തമാകും. ലഹരി ഉപയോഗിക്കാത്ത സ്വാലിഹിന് മറ്റുള്ളവര്‍ക്ക് ലഹരിയെത്തിക്കാന്‍ അതീവ വ്യഗ്രതയാണ്. അതിലൂടെ ആഢംബര ജീവിതം നയിക്കാനുള്ള വഴി തേടലും. ധന്‍ബാദ് ആലപ്പുഴ ട്രെയിനില്‍ ഒലവക്കോടിറങ്ങിയ മുഹമ്മദ് സ്വാലിഹിന് ഇത്തവണ പിഴച്ചു. ബാഗുമായി വേഗം നീങ്ങാനുന്ന ശ്രമം ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് സ്ക്വാഡും ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് വിഫലമാക്കി. തുണിക്കപ്പുറം ബാഗില്‍ ഒന്നുമില്ലെന്ന് ആവര്‍ത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ അഴിക്കുള്ളിലായി. 

നേരത്തെ രണ്ട് തവണ കവര്‍ച്ചാക്കേസില്‍ മുഹമ്മദ് സ്വാലിഹ് പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് മൊഴി. യുവാവില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിനായി മൊബൈല്‍ വഴി ഇടപാടുറപ്പിച്ചിരുന്നവരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പലരുടെയും ഫോണ്‍ നിശ്ചലമാണ്. പാലക്കാട് എക്സൈസ് റേഞ്ച് അധികൃതര്‍ വിപുലമായി അന്വേഷിക്കും.