ജാതി സംഘര്‍ഷത്തിൽ പുകഞ്ഞ് തെക്കന്‍ തമിഴ്നാട്; 12ദിവസത്തിനിടെ 3കൊല

CastSeriesMurder-3
SHARE

തെക്കന്‍ തമിഴ്നാട്ടില്‍ ജാതി സംഘര്‍ഷത്താല്‍ പുകയുകയാണ്. 12 ദിവസത്തിനിടെ മൂന്നുപേരെയാണ് ജാതിയുടെ പേരില്‍ വെട്ടിക്കൊന്നത്. ദളിത് നേതാവായ പശുപതി പാണ്ഡ്യന്‍ കൊലക്കേസിലെ അഞ്ചാം പ്രതിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ 3 പേര്‍  അറസ്റ്റിലായി. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ തെക്കന്‍ തമിഴ്നാട്ടില്‍ പൊലീസ്  വ്യാപക റെയ്ഡ് തുടങ്ങി.

28 വര്‍ഷമായി തുടരുന്ന അടങ്ങാത്ത പകയുടെയും വൈര്യത്തിന്റെയും ഒടുവിലത്തെ ഇരയാണു ദിണ്ഡിഗലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിര്‍മലാദേവിയെന്ന 58 കാരി. തൂത്തുക്കുടി മൂലക്കരൈയിലെ ശിവസുബ്രണ്യന്‍ എന്നയാളും മക്കളും രാജഗോപാലന്‍ എന്നയാളുമായി തുടങ്ങിയ വസ്തു തര്‍ക്കമാണു ജാതി നിറം പൂണ്ട കൊലപാതക പരമ്പരകളിലേക്ക് എത്തിയത്. തര്‍ക്കത്തില്‍ രാജഗോപാലനെ പശുപതിപാണ്ഡ്യനെന്ന ദളിത് നേതാവ് പിന്തുണച്ചു.  പ്രതികാരമായി 93 ല്‍ പശുപതിപാണ്യനു നേരെ വധശ്രമമുണ്ടായി.തിരിച്ചടിയില്‍  ശിവസുബ്രണ്യന്റെ മകന്‍ അസുപതി കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ ഏറ്റമുട്ടലുകളില്‍ ശിവസുബ്രമണ്യവും പശുപതി പാണ്ഡ്യന്റെ ഭാര്യ ജസീന്തയടക്കം നിരവധി പേര്‍  കൊലക്കത്തിക്ക് ഇരയായി. പൊലീസ് ഇടപടലിനെ തുടര്‍ന്ന്, തൂത്തുക്കുടിയില്‍ നിന്നു ദിണ്ഡിഗലിലേക്ക് മാറിതാമസിച്ച പശുപതി പാണ്ഡ്യനെ  2012 ജനുവരി പത്തിന് ഇരുചക്രവാഹനത്തിലെത്തിയ ഒരുസംഘം വീടുകയറി ആക്രമിച്ചു കൊന്നു. 18 പേരായിരുന്നു കേസിലെ പ്രതികള്‍. വിചാരണ ദിണ്ഡിഗലിലെ കോടതിയില്‍ പുരോഗമിക്കുന്നതിനിടെ ആദ്യ നാലുപ്രതികളായ പുരമാടസാമി,മുത്തുപാണ്ടി ,ബാച്ചു മാടസാമി ,അറുമുഖസാമി  എന്നിവരെ പശുപതി പാണ്ഡ്യന്റെ അനുയായികള്‍ കൊന്നുതള്ളി. വെട്ടിക്കൊന്ന് ശിരസ് അറുത്തടുത്ത്  പശുപതി പാണ്ഡ്യന്റെ ശവകുടീരത്തില്‍  അര്‍പ്പിക്കുന്നതാണ് രീതി. ഈകേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചവരായിരുന്നു ബുധനാഴ്ച കൊല്ലപ്പെട്ട  നിര്‍മലാദേവി. വെട്ടേറ്റു നിലത്തുവീണ നിര്‍മലദേവിയുടെ ശിരസ് സംഘം വെട്ടിയെടുത്തു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പശുപതിപാണ്ഡ്യന്റെ വീട്ടിലെ ഫോട്ടോയ്ക്കു താഴെ നിന്നാണു നിര്‍മലദേവിയുടെ ശിരസ് പിന്നീട് കണ്ടെടുത്തത്. പശുപതി പാണ്ഡ്യന്‍ കൊലക്കേസിലെ അഞ്ചാം പ്രതികൂടിയായിരുന്നു നിര്‍മല. കേസിലെ  ആദ്യ 5 പ്രതികളും കൊല്ലപ്പെട്ടതോടെ തെക്കന്‍ തമിഴ്നാട്ടിലാകെ പൊലീസ് റെയ്ഡ് തുടങ്ങി. 400 ഗുണ്ടകളെ പിടികൂടി. ആയിരത്തിലധികം വടിവാളുകളും  ആയുധങ്ങളും പിടിച്ചെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...